ധാംബുള്ള : ടി20 ക്രിക്കറ്റില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഓപ്പണര്‍ സ്‍മൃതി മന്ഥാന. ഫോര്‍മാറ്റില്‍ 2000 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് സ്‍മൃതി സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
ലങ്കയ്‌ക്കെതിരെയിറങ്ങുമ്പോള്‍, ഫോര്‍മാറ്റില്‍ 2000 റണ്‍സ് തികയ്‌ക്കാന്‍ 28 റൺസ് മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. മത്സരത്തില്‍ എട്ട് ഫോറുകള്‍ സഹിതം 34 പന്തില്‍ 39 റണ്‍സാണ് സ്‍മൃതി അടിച്ചെടുത്തെത്. രോഹിത് ശർമ, വിരാട് കോലി, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നീ താരങ്ങളാണ് സ്‍മൃതിക്ക് മുന്‍പ് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍.
also read: സ്‍മൃതി മന്ഥാനയും ഹർമന്‍പ്രീതും തിളങ്ങി ; രണ്ടാം ടി20യും ഇന്ത്യയ്‌ക്ക്, ലങ്കയ്‌ക്കെതിരെ പരമ്പര
അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയം പിടിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. സ്‍മൃതി മന്ഥാനയോടൊപ്പം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറിന്‍റെ (32 പന്തില്‍ 31*) പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.