കൊളംബോ : ഇത്തവണത്തെ ഏഷ്യ കപ്പ് ടി20 ടൂർണമെന്‍റിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ്.
ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ആതിഥേയരായ ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവും. ഓഗസ്റ്റ് 20 മുതലാണ് യോഗ്യത മത്സരങ്ങള്‍.
ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യാകപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് 2020ലെ പതിപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു.
അതേസമയം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) പ്രസിഡന്‍റായുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ശനിയാഴ്‌ച നടന്ന എസിസിയുടെ വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
also read: ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെലും വിവാഹിതരായി
ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽസി) പ്രസിഡന്‍റ് ഷമ്മി സിൽവയാണ് ഷായുടെ കാലാവധി നീട്ടിനൽകാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്‍റ് നസ്മുൽ ഹസ്സനിൽ നിന്നാണ് ഷാ എസിസിയുടെ ചുമതല ഏറ്റെടുത്തത്.