കൊളംബോ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ദയനീയ പ്രകടനങ്ങള്‍ക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി ഇടക്കാല ഭരണ സമിതിയെ നിയമിച്ച് സര്‍ക്കാര്‍. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗയാണ് (Roshan Ranasinghe) ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടി സ്വീകരിച്ചത് (Sri Lanka Sports Minister Sacked Lankan Cricket Board). ലോകകപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയോട് 302 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി (India vs Sri Lanka Match Result) വഴങ്ങിയതിന് പിന്നാലെയാണ് നടപടി.
ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം മാത്രം നേടാനായ ശ്രീലങ്ക നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ്. അവസാന മത്സരത്തില്‍ ഇന്ത്യയോട് കൂറ്റന്‍ തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് ടീമിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. ഇതിന് പിന്നാലെ ഈ വമ്പന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്നും കായിക മന്ത്രി റോഷന്‍ രണസിംഗ നേരത്തെ വ്യക്തമാക്കിയതാണ്.
അതേസമയം, ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഏഴ് അംഗ ഇടക്കാല ഭരണസമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന്‍ രണതുംഗയാണ് ഇടക്കാല ഭരണസമിതിയുടെ ചെയര്‍മാന്‍. വിരമിച്ച ഒരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുന്‍ ബോര്‍ഡ് പ്രസിഡന്‍റും ഇടക്കാല സമിതിയില്‍ അംഗങ്ങളാണ്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 55 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറായിരുന്നു ഇത്. ഈ തോല്‍വിക്ക് പിന്നാലെ നിലവിലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ അംഗങ്ങള്‍ തങ്ങളുടെ സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ലെന്ന് റോഷന്‍ രണസിംഗ പരസ്യ പ്രതികരണം നടത്തുകയായിരുന്നു.
അതേസമയം, ലോകകപ്പില്‍ ഇന്ന് (നവംബര്‍ 6) നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ (Sri Lanka vs Bangladesh) നേരിടാനുള്ള തയാറെടുപ്പിലാണ്. ഉച്ചയ്‌ക്ക് രണ്ടിനാണ് ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം വേദിയാകുന്ന മത്സരം ആരംഭിക്കുന്നത്. ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന രണ്ട് മത്സരവും വമ്പന്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമാണ് ലങ്കയ്‌ക്ക് ഇനി സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.
Also Read : തോറ്റാല്‍ 'റിട്ടേണ്‍ ടിക്കറ്റ്', ശ്രീലങ്കയ്‌ക്ക് ഇന്ന് അതിനിര്‍ണായകം; ഡല്‍ഹിയില്‍ എതിരാളികള്‍ ബംഗ്ലാദേശ്