സിഡ്‌നി: ലൈംഗികാതിക്രമ കേസിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്ട്രേലിയയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഞായറാഴ്‌ച (06.11.22) പുലർച്ചെ സിഡ്‌നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലിൽ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്‌തത്. ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് താരത്തെ സിഡ്‌നി സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബർ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇതിന് പിന്നാലെ കേസെടുത്ത പൊലീസ് റോസ് ബേയിലെ വീട്ടിൽ പ്രത്യേക പരിശോധന നടത്തി.
തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ഗുണതിലകയെ അറസ്റ്റ് ചെയ്‌തതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രസ്‌താവനയിൽ അറിയിച്ചു. സിഡ്‌നി പൊലീസിൽ ഹാജരാക്കിയ താരത്തിനെതിരെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് നാല് കേസുകളാണ് ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ ഗുണതിലകയ്ക്ക് ജാമ്യം നിഷേധിച്ചു.
ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തുടയ്ക്ക് പരിക്കേറ്റ ഗുണതിലക ടീമിൽ നിന്ന് പുറത്തായിരുന്നു. ഗുണതിലകയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും താരം ടീമിനൊപ്പം ഓസ്‌ട്രേലിയയിൽ തുടരുകയായിരുന്നു.
2015 നവംബറിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ശ്രീലങ്കയ്‌ക്കായി എട്ട് ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ തോൽവിയോടെ ശ്രീലങ്ക ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. താരത്തെ കൂടാതെയാണ് ശ്രീലങ്കൻ ടീം ഓസ്‌ട്രേലിയ വിട്ടത്.