കൊളംബോ: ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ബയോ ബബിൾ ലംഘിച്ചത്തിന് നേരിട്ട ഒരു വർഷത്തെ വിലക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നീക്കിയതിന് പിന്നാലെയാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് 30കാരായ താരം ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കായി 2017ല്‍ അരങ്ങേറിയ ഗുണതിലകെ എട്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
രണ്ട് അര്‍ധ സെഞ്ചുറികളടക്കം 299 റണ്‍സാണ് സമ്പാദ്യം. 2018 ഡിസംബര്‍ മുതല്‍ക്ക് ഒരൊറ്റ ടെസ്റ്റ് മത്സരത്തിലും ഗുണതിലകെ കളിച്ചിട്ടില്ല. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ ലങ്കന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
44 ഏകദിന മത്സരങ്ങളില്‍ നിന്ന് 1520 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 30 ടി20 മത്സരങ്ങളില്‍ നിന്നായി 568 റണ്‍സും താരം അടിച്ചെടുത്തു.
also read: വാക്‌സിനെടുക്കാത്ത ജോക്കോയ്‌ക്ക് മെഡിക്കല്‍ ഇളവ്; വിസ റദ്ദാക്കിയ സംഭവത്തില്‍ വഴിത്തിരിവ്
അതേസമയം ഗുണതിലകെയോടൊപ്പം കുശാൽ മെൻഡിസ്, നിരോഷൻ ഡിക്ക്‌വെല എന്നിവരുടെ വിലക്കും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലായിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് മൂന്ന് പേരും ബയോ ബബിൾ ലംഘനം നടത്തിയത്. ലണ്ടനിലെ മാർക്കറ്റിലൂടെ മൂന്ന് പേരും കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിക്കുകയും ചെയ്‌തു.