പാള്‍ (ദക്ഷിണാഫ്രിക്ക): ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും (South Africa vs India 3rd ODI). പാളിലെ ബോലന്‍ഡ് പാര്‍ക്കില്‍ (Boland Park) ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്. ഇന്ന് ജയം നേടുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും എട്ട് വിക്കറ്റിന്‍റെ ജയം നേടിയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തിയത്.
സഞ്ജുവിന് നിര്‍ണായകം: ഇന്ത്യയുടെ ഏകദിന ടീമിലെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ മലയാളി താരം സഞ്ജു സാംസണ് (Sanju Samson) ഇന്ന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. സ്ഥിരതയില്ലായ്‌മയാണ് തന്‍റെ പ്രശ്‌നമെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടെയാണ് താരം മൂന്നാമത്തെ മത്സരത്തിനായി ഇറങ്ങാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ബാറ്റിങ്ങിനെത്തിയ സഞ്ജു 22 പന്തില്‍ 13 റണ്‍സുമായിട്ടാണ് മടങ്ങിയത്.
ആദ്യ കളിയില്‍ ബാറ്റിങ്ങിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ന് പാളില്‍ സഞ്ജുവിന് ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ബാറ്റര്‍മാരെ തുണയ്‌ക്കുന്ന പിച്ചിലാണ് മൂന്നാം മത്സരം നടക്കുന്നത്. സാഹചര്യം മുതലെടുത്ത് സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബേലന്‍ഡ് പാര്‍ക്ക് പിച്ച് റിപ്പോര്‍ട്ട് (South Africa vs India 3rd ODI Pitch Report): ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകുന്ന ബോലന്‍ഡ് പാര്‍ക്കിലെ വിക്കറ്റ് പൊതുവെ ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ്. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തുമ്പോള്‍ ബൗളര്‍മാര്‍ക്കും പിച്ചിന്‍റെ സഹായം ലഭിക്കും. ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍ 250 റണ്‍സാണ് (Average First Innings Score At Boland Park). ആദ്യ ബാറ്റ് ചെയ്‌തവരാണ് ഇവിടെ നടന്ന മത്സരങ്ങളില്‍ കൂടുതല്‍ പ്രാവശ്യവും ജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കാലാവസ്ഥ പ്രവചനം (South Africa vs India 3rd ODI Weather Report): ഫൈനലിന് തുല്യമായ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരത്തിന് മഴ വെല്ലുവിളിയായി എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തെളിഞ്ഞ അന്തരീക്ഷത്തിലാകും മത്സരം ഇന്ന് നടക്കുക.