ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചിട്ടില്ല. ടീമിലെ തലമുറമാറ്റത്തിന്‍റെ ഭാഗമായാണ് ഇരുവരേയും ടി20 ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നാണ് സംസാരം. എന്നാല്‍, തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സെലക്‌ടർമാർ ഇതേവരെ വ്യക്തത നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്കും രോഹിത് ശര്‍മയേയും വിരാട് കോലിയേടും സെലക്‌ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇരുവരേയും പരിഗണിക്കാതിരുന്ന നടപടി ചോദ്യം ചെയ്‌തിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രോഹിത്തിനും കോലിക്കും ടി20 ഫോര്‍മാറ്റില്‍ ഇനിയും ഇന്ത്യന്‍ ടീമിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ഗാംഗുലി പറയുന്നത്.
'ടീമിലേക്ക് നിങ്ങളുടെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുക, അവർ ആരാണെന്നത് പ്രശ്‌നമല്ല. എന്‍റെ അഭിപ്രായത്തിൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ഇപ്പോഴും ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് രോഹിത്തും കോലിയും ടി20 ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ എനിക്ക് കഴിയാത്തത്.'
'ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു വിരാട് കോലി. എന്നോട് ചോദിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടെന്ന് തന്നെയാണ് ഞാന്‍ പറയുക'- സൗരവ് ഗാംഗുലി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രോഹിത്തിനും കോലിക്കും പുറമെ ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിങ്, റിതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശർമ എന്നിവർക്കും ടി20 ടീമിൽ ഇടം കണ്ടെത്താനായില്ല. ഇതേപ്പറ്റി സംസാരിച്ച ഗാംഗുലി, തങ്ങളുടെ മികച്ച പ്രകനം തുടരാനാണ് യുവതാരങ്ങളോട് ആവശ്യപ്പെട്ടത്. അവസാനം അവരുടെ സമയവും വന്നുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'അവർ കളിച്ചുകൊണ്ടേയിരിക്കണം. ലഭിക്കുന്ന അവസരങ്ങളിൽ തങ്ങളുടെ മികച്ച പ്രകടനം തുടരണം. ഇതെല്ലാം എപ്പോഴും സംഭവിക്കാവുന്നതാണ്. 15 പേരെ മാത്രമേ ടീമിൽ എടുക്കാൻ കഴിയൂ, അതില്‍ 11 പേര്‍ക്ക് മാത്രമേ കളിക്കാന്‍ കഴിയൂ. അതിനാല്‍ ആരെയെങ്കിലും പുറത്തിരിത്തേണ്ടിവരും. എന്നാല്‍, ഒരു നാള്‍ അവരുടെ സമയവും വരുമെന്നകാര്യം എനിക്ക് ഉറപ്പാണ്.' - സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
അതേസമയം വെസ്റ്റ് ഇന്‍ഡീസില്‍ ഓള്‍ ഫോര്‍മാറ്റ് പര്യടനമാണ് ഇന്ത്യ നടത്തുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ടെസ്റ്റ്, ഏകദിന ടീമുകളെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയാണ് ഇരു ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ജൂലൈ 12ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പയോടെയാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പോരിന് തുടക്കമാവുന്നത്.
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.