ETV Bharat / sports

ഒരു കളി തോറ്റാൽ മുഴുവന്‍ ടീമും മോശമാകുന്നതെങ്ങിനെ?; ഇന്ത്യയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ ഗാംഗുലി - സൗരവ് ഗാംഗുലി

Sourav Ganguly On Criticism Against India Cricket Team: ഇന്ത്യ മികച്ച ടീമാണെന്നും ഒരു കളി തോറ്റതുകൊണ്ട് മാത്രം അതു മാറില്ലെന്നും മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

Sourav Ganguly  India Cricket Team  സൗരവ് ഗാംഗുലി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Former captain Sourav Ganguly On Criticism Against India Cricket Team
author img

By ETV Bharat Kerala Team

Published : Jan 7, 2024, 6:14 PM IST

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുന്‍ നാകയനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ്‌ ഗാംഗുലി. ഇന്ത്യ മികച്ച ടീമാണെന്ന വസ്‌തുത ഒരൊറ്റ തോല്‍വിക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം നടത്തിയ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണെന്നും 51-കാരന്‍ കൂട്ടിച്ചേര്‍ത്തു. (Sourav Ganguly On Criticism Against India Cricket Team)

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ തോല്‍വി. എന്നാല്‍ കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റെന്ന കുപ്രസിദ്ധിയുമായി അവസാനിച്ച മത്സരം എട്ട് വിക്കറ്റുകള്‍ക്കായിരുന്നു രോഹിത്തും സംഘവും പിടിച്ചത്.

ഇതോടെ രണ്ട് മത്സര പരമ്പര 1-1ന് സമനിലയില്‍ പിടിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇതിന് മുന്നെ നടന്ന മൂന്ന് മത്സര ഏകദിന പരമ്പര 2-1ന് സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. ടി20 പരമ്പരയിലും 1-1ന് ടീം സമനില സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ഒരു മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

"ഇന്ത്യ ഒരു മികച്ച ടീമാണ്. ഒരു കളി തോറ്റാൽ ടീം മുഴുവൻ മോശമാണെന്ന മട്ടിലാണ് ആളുകൾ സംസാരിക്കുന്നത്. ഏകദിന പരമ്പരയിൽ വിജയം, ടി20യിൽ 1-1ന് സമനില, ടെസ്റ്റിലും 1-1ന് സമനില. മറ്റെന്താണ് വേണ്ടത്?. ഇന്ത്യ വളരെ മികച്ച ടീമാണ്" ഗാംഗുലി പറഞ്ഞു.

അതേസമം സെഞ്ചൂറിയനിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്ത ടീമാണ് ഇന്ത്യയെന്നായിരുന്നു 49-കാരന്‍റെ വിമര്‍ശനം. വളരെ കുറഞ്ഞ നേട്ടങ്ങള്‍ മാത്രമാണ് ഇന്ത്യയുണ്ടാക്കിയത്.

സമീപകാലത്തൊന്നും കിരീടങ്ങള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ താരങ്ങളുടെ കഴിവ് പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ ഏറെ നേട്ടങ്ങള്‍ കൈവരിക്കേണ്ട ടീമാണ് എന്നായിരുന്നു വോണ്‍ പറഞ്ഞത്. ഇംഗ്ലണ്ട് മുന്‍ നായകന്‍റെ ഈ വാക്കുകള്‍ക്ക് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

വോണിന്‍റെ വിമര്‍ശനം കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിവരുന്നുവെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. വർഷങ്ങളായി തങ്ങൾ ഐസിസി ട്രോഫികൾ നേടിയിട്ടില്ല. ഇക്കാര്യം പൂര്‍ണ ഹൃദയത്തോടെ അംഗീകരിക്കുന്നു. എന്നാൽ സമീപകാലത്ത് വിദേശ മണ്ണില്‍ മികച്ച പ്രകടനം നടത്തിയ ടെസ്റ്റ് ടീമുകളിലൊന്നാണ് തങ്ങളെന്നും അശ്വിന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഓസ്ട്രേലിയയില്‍ കളിച്ച അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും നേടിയത് ഇന്ത്യയാണ് . 2022-ല്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പര സമനില പിടിച്ചതും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ALSO READ: 'മഴ പെയ്‌ത് തോര്‍ന്നാല്‍പ്പിന്നെ കുടയൊരു ബാധ്യത' ; മുംബൈക്കെതിരെ പൊള്ളാര്‍ഡിന്‍റെ ഒളിയമ്പ് ?

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.