മുംബൈ : ഐസിസി ഏകദിന ലോകകപ്പിനുള്ള (ODI World cup 2023) സ്‌ക്വാഡ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ വിദഗ്‌ധരും മുന്‍ താരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly India Squad ODI World Cup).
ഏഷ്യ കപ്പിനായി (Asia Cup) പ്രഖ്യാപിച്ച 17 അംഗ ടീമില്‍ കാര്യമായ മാറ്റമില്ലാതെ 15 അംഗ ലോകകപ്പ് സ്‌ക്വാഡ് ആണ് സൗരവ് ഗാംഗുലി (Sourav Ganguly) തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യ കപ്പിന്‍റെ പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഇടങ്കയ്യന്‍ ബാറ്റര്‍ തിലക് വര്‍മ്മയെയും (Tilak Varma) പേസര്‍ പ്രസിദ്ധ് കൃഷ്‌ണയേയുമാണ് (Prasidh Krishna) ഗാംഗുലി ഒഴിവാക്കിയത്.
സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഇരുവരേയും സ്റ്റാന്‍ഡ്-ബൈ താരങ്ങളായി ഗാംഗുലി ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനേയും (yuzvendra chahal) സ്റ്റാന്‍ഡ്-ബൈ പട്ടികയില്‍ ചേര്‍ത്തു. ഏഷ്യ കപ്പിലെ ബാക്കപ്പ് താരമായ സഞ്‌ജു സാംസണിനെ (Sanju Samson) പരിഗണിച്ചില്ല.
സ്റ്റാന്‍ഡ്-ബൈ താരങ്ങളായി മൂവരേയും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണവും ഗാംഗുലി വിശദീകരിക്കുന്നുണ്ട്. "ബാറ്റർമാരിൽ ഒരാൾക്ക് പരിക്കേറ്റാൽ തിലക് വർമ്മയ്ക്ക് ആ സ്ഥാനത്ത് എത്താം. ഒരു പേസർക്കാണ് പരിക്കേല്‍ക്കുന്നതെങ്കില്‍ പ്രസിദ്ധ് കൃഷ്ണയ്‌ക്കും. ഇനി സ്പിന്നറുടെ കാര്യത്തിൽ യുസ്‌വേന്ദ്ര ചാഹലാണ് ഈ ഒപ്‌ഷൻ" - സൗരവ് ഗാംഗുലി പറഞ്ഞു. സെപ്‌റ്റംബര്‍ അഞ്ചാണ് ഏകദിന ലോകകപ്പ് ടീമിന്‍റെ പട്ടിക ഐസിസിക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
സൗരവ് ഗാംഗുലിയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡ് (Sourav Ganguly World Cup India Squad): രോഹിത് ശർമ (ക്യാപ്റ്റന്‍) , ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി,സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).