ദുബായ്: ഐസിസി വനിത ക്രിക്കറ്റർ ഓഫ് ദ ഇയർ 2022 അവാർഡിന് ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാനയ്‌ക്ക് നാമനിര്‍ദേശം. ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്‌കീവർ, ന്യൂസിലൻഡ് ഓൾറൗണ്ടർ അമേലിയ കെർ, ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബെത് മൂണി എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ വര്‍ഷം ദേശീയ ടീമുകള്‍ക്കായി നടത്തിയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നാല് താരങ്ങളും റേച്ചൽ ഹെയ്ഹോ ഫ്ലിന്‍റ് ട്രോഫിക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട സ്‌മൃതി മന്ദാന തുടർച്ചയായ രണ്ടാം വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നും ഫോം തുടരുകയായിരുന്നു. എല്ലാ ഫോര്‍മാറ്റിലെയും ഇന്ത്യയുടെ ഏറ്റവും മികച്ച റൺ സ്‌കോററായാണ് താരം ഫിനിഷ് ചെയ്‌തത്. ടി20യില്‍ 594 റൺസും ഏകദിനത്തില്‍ 696 റൺസുമാണ് താരം അടിച്ചെടുത്തത്.
കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കാണ് 26കാരിയായ താരത്തിനുള്ളത്. ഈ വര്‍ഷത്തെ വനിത ലോകകപ്പിലും താരം തിളങ്ങിയിരുന്നു.
ടെസ്റ്റിലും ഏകദിനത്തിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് ഇംഗ്ലീഷ് താരമായ നാറ്റ് സ്‌കീവർ പട്ടികയില്‍ ഇടം നേടിയത്. ഏകദിനത്തില്‍ 59.50 ശരാശരിയില്‍ 833 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഈ വര്‍ഷം നടന്ന വനിത ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നും 436 റണ്‍സ് നേടിയ താരം ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 242 റണ്‍സാണ് സ്‌കീവർ നേടിയത്.
ബോളുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടായ പ്രകടനത്തോടെയാണ് 22കാരിയായ അമേലിയ കെർ നാമനിര്‍ദേശത്തിന് അര്‍ഹത നേടിയത്. ഈ വര്‍ഷം മികച്ച പ്രകടനത്തോടെയാണ് കേര്‍ തുടങ്ങിയത്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിൽ, നാല് കളികളും 50ന് മുകളില്‍ റണ്‍സ് നേടാന്‍ കിവീസ് താരത്തിന് കഴിഞ്ഞു.
രണ്ടാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെയാണിത്. തുടര്‍ന്ന് വനിത ലോകകപ്പില്‍ 201 റണ്‍സ് അടിച്ചെടുത്ത താരം ന്യൂസിലൻഡിന്‍റെ റൺ സ്കോറർമാരിൽ മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ 12 മാസങ്ങളിൽ ഒരു സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കിലും സ്ഥിരതയും പക്വതയുമുള്ള പ്രകടനം നടത്തിയ മൂണിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരിക്കുമിത്. ഈ വര്‍ഷം എട്ട് തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഓസീസ് താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള നാമനിര്‍ദേശത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം ലഭിച്ചില്ല. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ, കിവീസ് പേസര്‍ ടിം സൗത്തി എന്നിവര്‍ക്കാണ് സര്‍ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫിക്ക് നാമനിര്‍ദേശം ലഭിച്ചത്.