അഡ്‌ലെയ്‌ഡ് ഓവൽ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നായകൻ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്‌റ്റീവ് സ്‌മിത്തായിരുന്നു ഓസ്‌ട്രേലിയയുടെ നായകനായെത്തിയത്. ആദ്യ മത്സരത്തിൽ ഓസീസ് 419 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഓസ്‌ട്രേലിയയുടെ വിജയത്തിനിടയിലും ചർച്ചയായത് നായകൻ സ്റ്റീവ് സ്‌മിത്ത് ധരിച്ചിരുന്ന ബാഗ്ഗി ഗ്രീൻ തൊപ്പിയായിരുന്നു.
മുൻവശം കീറിയ നിലയിലുള്ള തൊപ്പി ധരിച്ചായിരുന്നു സ്‌മിത്ത് മത്സരത്തിലെത്തിയത്. പിന്നാലെ ദേശീയ ഐക്കണ്‍ ആയി അറിയപ്പെടുന്ന തൊപ്പിയോടുള്ള അനാദരവാണെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ തന്‍റെ തൊപ്പിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം റൂമിലെ എലികളെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് സ്‌റ്റീവ് സ്‌മിത്ത്.
എപ്പോഴും ചെയ്യുന്നതുപോലെ മത്സര ശേഷം ചെയ്‌ഞ്ച് റൂമിലാണ് ഞാൻ തൊപ്പി വച്ചത്. എന്നാൽ അടുത്ത ദിവസം നോക്കിയപ്പോൾ തൊപ്പിയുടെ അവസ്ഥ നിങ്ങൾ കണ്ട രീതിയിലായിരുന്നു. എലികളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ഈ ആഴ്‌ച തന്നെ ഞാൻ തൊപ്പിയുടെ തകരാറുകൾ പരിഹരിക്കും, സ്‌മിത്ത് പറഞ്ഞു.
അതേസമയം 2010 മുതൽ ടെസ്റ്റിൽ കളിക്കുന്ന സ്‌മിത്തിന്‍റെ ബാഗ്ഗി ഗ്രീൻ തൊപ്പി മോശം സ്ഥിതിയിലാണെന്നും രാജ്യത്തിന് വേണ്ടി മൈതാനത്ത് മണിക്കൂറുകളും, ദിവസങ്ങളും നീണ്ട പ്രയത്‌നത്തിന്‍റെ ഫലമായി തുണികൾ തേഞ്ഞുപോയതാകാമെന്നും ആരാധകർ കമന്‍റുമായെത്തി. സ്‌മിത്തിന് പകരം ഒരു തൊപ്പി കൊടുക്കാൻ തയ്യാറാകണമെന്നും ചിലർ അഭിപ്രായപ്പെട്ടു.