ഓക്ക്‌ലന്‍ഡ് : ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ നിന്ന് കടുത്ത വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐപിഎല്ലിൽ ടീം ഉടമ തുടർച്ചയായി കരണത്തടിച്ചു എന്ന ഗുരുതര ആരോപണവുമായി റോസ് ടെയ്‌ലർ. തന്‍റെ ആത്‌മകഥയായ 'ബ്ലാക്ക് ആൻഡ് വൈറ്റി'ലാണ് ടെയ്‌ലർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായി. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്‍റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു.
രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹർളിയും ഈ സമയം അവിടെയുണ്ടായിരുന്നു. ഈ സമയം രാജസ്ഥാന്‍ ടീം ഉടമകളിലൊരാള്‍ എന്‍റെ അടുത്ത് വന്നു, റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ലെന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാല് തവണ അടിച്ചു. അതിനുശേഷം അദ്ദേഹം ചിരിക്കുകയായിരുന്നു.
അദ്ദേഹം ശക്തമായല്ല അടിച്ചത്. എന്നാൽ തമാശയായാണോ അത് ചെയ്തതെന്ന് തനിക്കിപ്പോഴും ഉറപ്പില്ല. ആ സാഹചര്യത്തില്‍ താന്‍ അത് വലിയൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നില്ല. എന്നാൽ ഇതുപോലുള്ള സംഭവങ്ങള്‍ നിരവധി താരങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫഷണല്‍ കരിയറില്‍ ഉണ്ടായിട്ടുണ്ടാകാമെന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമായില്ലെന്നും ടെയ്‌ലര്‍ ആത്‌മകഥയിൽ പറയുന്നു.
2008 മുതല്‍ 2010വരെയുള്ള സീസണിലാണ് ടെയ്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചത്. പിന്നീട് ഒരു സീസണിലെ ഇടവേളയ്ക്കുശേഷം 2011ൽ ടെയ്‌ലര്‍ വീണ്ടും രാജസ്ഥാനിലേക്കെത്തി. പിന്നീട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് പോയ ടെയ്‌ലര്‍ അവിടെ നിന്ന് പൂനെ വാരിയേഴ്‌സിലേക്ക് കൂടുമാറുകയായിരുന്നു. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 1017 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം.
ഡ്രസ്സിങ് റൂമില്‍ സഹതാരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും കടുത്ത വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ടെയ്‌ലറിന്‍റെ ആത്‌മകഥയിലെ പരാമർശം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ന്യൂസിലൻഡിൽ ക്രിക്കറ്റ് എന്നത് വെള്ളക്കാരുടെ കായിക ഇനമാണെന്നും കരിയറിലുടനീളം താൻ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെന്നുമായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ.