ബെംഗളൂരു : ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമന്‍റിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വമ്പന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ടൂര്‍ണമെന്‍റിനിറങ്ങും മുമ്പ് ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റിനും ( Yo Yo test) ബിസിസിഐ താരങ്ങളെ വിധേയരാക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ഫിറ്റ്‌നസുള്ള താരമെന്ന് പൊതുവെ അറിയപ്പെടുന്നത് മുന്‍ നായകന്‍ വിരാട് കോലിയാണ് (Virat Kohli).
35-കാരനായ താരത്തിന്‍റെ യോ യോ ടെസ്റ്റിന്‍റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 16.5 എന്ന മാര്‍ക്കാണ് ഫിറ്റ്‌നസ് തെളിയിക്കാന്‍ വേണ്ടത്. എന്നാല്‍ 17.2 എന്ന മാര്‍ക്ക് നേടിക്കൊണ്ട് പുഷ്‌പം പോലെയാണ് വിരാട് കോലി ടെസ്റ്റ് പാസായത്. ഇതോടെ ഇന്ത്യന്‍ ടീമിലെ ഫിറ്റ്‌നസ് ഫ്രീക്ക് താന്‍ തന്നെയാണെന്ന് കോലി വീണ്ടും തെളിയിച്ചു എന്നായിരുന്നു ആരാധക സംസാരം.
എന്നാല്‍ ഫിറ്റ്‌നസില്‍ കോലിക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ് യുവ താരം ശുഭ്‌മാന്‍ ഗില്‍ (Shubman Gill). യോ യോ ടെസ്റ്റില്‍ 18.7 എന്ന സ്‌കോര്‍ നേടിയാണ് ശുഭ്‌മാന്‍ ഗില്‍ പാസായതെന്നാണ് റിപ്പോര്‍ട്ട് (Shubman Gill Yo Yo test result). മറ്റൊരു താരത്തിനും ഗില്ലിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ടെസ്റ്റില്‍ മിക്ക താരങ്ങളും 16.5നും 18നും ഇടയില്‍ മാര്‍ക്കാണ് നേടിയിരിക്കുന്നത് എന്നുമാണ് ബിസിസിഐയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഒരു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കോലിക്ക് താക്കീത് : യോ യോ ടെസ്റ്റ് പാസായതിന്‍റെ സന്തോഷം അറിയിച്ച വിരാട് കോലി കഴിഞ്ഞ ദിവസം തന്‍റെ മാര്‍ക്ക് ഉള്‍പ്പടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിരാട് കോലിയെ ബിസിസിഐ ശക്തമായി താക്കീത് ചെയ്‌തുവെന്നുള്ള റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു (BCCI against Virat Kohli). യോ യോ ടെസ്റ്റിന്‍റെ ഫലം രഹസ്യ സ്വഭാവമുള്ളതാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് മറ്റ് താരങ്ങള്‍ക്കും ബിസിസിഐ വാക്കാല്‍ കർശന നിർദേശം നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുക. കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഏകദിന ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ ടൂര്‍ണമെന്‍റിലെ ടീമിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി,സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).