ചെന്നൈ: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു (Shubman Gill discharged from Chennai hospital). രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു 24-കാരനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. നിലവില്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) ചെന്നൈയിലെ ഹോട്ടലില്‍ തിരിച്ചെത്തിയിട്ടുണ്ട് (Shubman Gill health updates).
ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതായി ബിസിസിഐ (BCCI) നേരത്തെ തന്നെ അറിയിച്ചിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 75,000 ആയി കുറഞ്ഞതോടെ മുൻകരുതൽ നടപടിയായി ആയിരുന്നു ഗില്ലിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം നിലവില്‍ 100,000 മുകളില്‍ എത്തിയതോടെയാണ് താരത്തെ ഡിസ്‌ചാര്‍ജ് ചെയ്‌തത്.
അസുഖത്തെ തുടര്‍ന്ന് ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരം ശുഭ്‌മാന്‍ ഗില്ലിന് നഷ്‌ടമായിരുന്നു. അഫ്‌ഗാനിസ്ഥാനെതിരായ അടുത്ത മത്സരത്തിലും ഗില്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഒക്‌ടോബർ 11-നാണ് ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ India vs Afghanistan മത്സരം നടക്കുക. ഇതിന് ശേഷമാണ് ടൂര്‍ണമെന്‍റിലെ തന്നെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ India vs Pakistan മത്സരം നടക്കുന്നത്.
ഒക്‌ടോബര്‍ 14-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം അരങ്ങേറുന്നത്. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായാല്‍ താരം ഈ മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യം സംശയമാണ്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ഗില്ലുള്ളതെന്ന് കഴിഞ്ഞ ദിവസം സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു.
ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലുള്ള ഗില്ലിന് കളിക്കാന്‍ കഴിയാത്തത് ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷത്തില്‍ 72.35 ശരാശരിയില്‍ 1,230 റണ്‍സാണ് താരം ഇതേവരെ നേടിയിട്ടുള്ളത്. ഗില്ലിന്‍റെ അഭാവത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ ഇഷാന്‍ കിഷനായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഒപ്പം ഓപ്പണിങ്ങിന് ഇറങ്ങിയിരുന്നത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.