ലണ്ടന്‍: പരിക്കേറ്റ് ക്രിക്കറ്റ് മൈതാനത്ത് നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ശസ്‌ത്രക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ വച്ചാണ് താരം പുറം വേദനയ്‌ക്കുള്ള ശസ്‌ത്രക്രിയക്ക് വിധേയനായത്. പരിക്കിന്‍റെ പിടിയിലായിരുന്ന താരത്തിന് ഐപിഎല്‍ പൂര്‍ണണായും നഷ്‌ടമായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ശ്രേയസ് അയ്യര്‍. അയ്യരുടെ അഭാവത്തില്‍ നിതീഷ് റാണയാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ശസ്‌ത്രക്രിയ വിജയകരമാണെങ്കിലും വരുന്ന ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും താരത്തിന് നഷ്‌ടമാകാനാണ് സാധ്യത. എന്നാല്‍ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് താരം പൂര്‍ണ ഫിറ്റായി ടീമിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന താരം നേരത്തെ ഇക്കൊല്ലം തുടക്കത്തില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. പരിക്കില്‍ നിന്നും ഭാഗികമായി മാത്രം മുക്തിനേടിയായിരുന്നു ടീമിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനം മാത്രമായിരുന്നു ശ്രേയസ് അയ്യര്‍ക്ക് കളിക്കാനായത്.
ഇതിന് പിന്നാലെയായിരുന്നു താരം സര്‍ജറിക്ക് വിധേയനാകാന്‍ തീരുമാനിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് പിന്നാലെ നടന്ന ഐപിഎല്ലില്‍ താരം കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തോടെ ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ നിന്നും പുറത്താകുകയായിരുന്നു.
ALSO READ: IPL 2023 | 'ജയിച്ചു, പക്ഷേ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്' ; ഡല്‍ഹിയുടെ ആദ്യ ജയത്തിന് പിന്നാലെ സൗരവ് ഗാംഗുലി
ഏകദിന ലോകകപ്പ് വരാനിരിക്കെ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സമീപകാലത്തായി ഇന്ത്യന്‍ മധ്യനിരയിലെ പ്രധാന താരമാണ് 28 കാരനായ അയ്യര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനായി ശ്രദ്ദേയമായ പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2022ല്‍ ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ടോപ് സ്‌കോററും അയ്യരായിരുന്നു.
അതേസമയം, പുറംവേദനയുടെ ശസ്‌ത്രക്രിയക്ക് വിധേയനായ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ടീമിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂസിലന്‍ഡില്‍ വച്ച് സര്‍ജറി പൂര്‍ത്തിയായ താരം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് തുടര്‍ചികിത്സയും പരിശീലനവും നടത്തുന്നത്. ഏകദിന ലോകകപ്പ് മുന്‍പ് ബുംറയുടെ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.
ഐപിഎല്ലിനൊപ്പം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ബുംറയ്‌ക്ക് നഷ്‌ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ താരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ ഇന്ത്യന്‍ ജഴ്‌സിയണിയും. 2022 ഒക്‌ടോബറില്‍ ഇന്ത്യക്കായി അവസാനം കളിച്ച ബുംറയ്‌ക്ക് ഏഷ്യ കപ്പും ടി20 ലോകകപ്പും നേരത്തെ നഷ്‌ടമായിരുന്നു.