മുംബൈ: പരിക്ക് വലയ്‌ക്കുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യർ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുമെന്ന് റിപ്പോര്‍ട്ട്. നടുവേദനയെത്തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് മുതല്‍ ശ്രേയസ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. 28കാരനായ ശ്രേയസ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മൂന്നാമത്തെ പരിശോധനകള്‍ക്കു ശേഷം മുംബൈയിലെ ഒരു ഡോക്‌ടറാണ് ശ്രേയസ് അയ്യര്‍ക്ക് ശസ്‌ത്രക്രിയ നിര്‍ദേശിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ലണ്ടനിലാവും താരത്തിന് ശസ്‌ത്രക്രിയ നടക്കുക. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കുറഞ്ഞത് അഞ്ച് മാസമെങ്കിലും 28കാരനായ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് കരുന്നത്.
ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏഷ്യ കപ്പ് എന്നിവ ശ്രേയസിന് നഷ്‌ടമാവും. തുടര്‍ന്ന് നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ഈ മാസം അവസാനത്തിലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. പിന്നീട് ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും സെപ്‌റ്റംബറില്‍ ഏഷ്യ കപ്പും നടക്കും. ശേഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ്.
ലോകകപ്പിന് മുന്നെ ഒരു പക്ഷെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും മതിയായ തയ്യാറെടുപ്പുകളില്ലാതെ ശ്രേയസിനെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്റ്റനാണ് ശ്രേയസ്. ശ്രേയസിനെ ലഭ്യമായില്ലെങ്കില്‍ പുതിയ നായകനെ ഫ്രാഞ്ചെസിക്ക് കണ്ടെത്തേണ്ടതായി വരും.
ശ്രേയസിനെ വിടാതെ പരിക്ക്: മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ ശ്രേയസിന് ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ന്യൂസിലൻഡിനെതിരായ വൈറ്റ് ബോള്‍ പരമ്പര പൂര്‍ണമായും താരത്തിന് നഷ്‌ടമായിരുന്നു. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷമായിരുന്നു ശ്രേയസ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.
എന്നാല്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസിനെ ഉൾപ്പെടുത്തിയിരുന്നില്ല. തുടര്‍ന്നുള്ള മൂന്ന് ടെസ്റ്റുകളിലും ശ്രേയസ് കളിക്കാനിറങ്ങി. പക്ഷെ, അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷം വീണ്ടും നടുവേദന അനുഭവപ്പെടുന്നതായി താരം അറിയിക്കുകയായിരുന്നു. പിന്നാലെ ശ്രേയസിനെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.
ഇന്ത്യയ്‌ക്ക് തുടര്‍ പ്രഹരം: പരിക്കിനെ തുടര്‍ന്ന് നേരത്തെ തന്നെ ജസ്‌പ്രീത് ബുംറയേയും റിഷഭ് പന്തിനേയും നഷ്‌ടമായ ഇന്ത്യയ്‌ക്ക് ശ്രേയസ് കൂടെ പുറത്താവുന്നത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് തിരിച്ചുവരവിന്‍റെ പാതയിലാണ്. ഏറെ നാളായി വലച്ച നടുവേദനയില്‍ നിന്ന് മോചിതനാവാന്‍ ബുംറ അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചിലെ ഫോർട്ട് ഓർത്തോപീഡികിസ് ഹോസ്‌പിറ്റലിലാണ് താരത്തിന് ശസ്‌ത്രക്രിയ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം താരം സുഖമായി ഇരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ബിസിസിഐ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കുറഞ്ഞ് ആറ് മാസമെങ്കിലും 29കാരനായ ബുംറയ്‌ക്ക് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.