കറാച്ചി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ചരിത്രത്തില്‍ ഇടം നേടിയ താരമാണ് പാക് ഇതിഹാസം ശുഐബ് അക്തര്‍. 161.3 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു അക്തര്‍ ചരിത്രത്തിലേക്ക് പന്തെറിഞ്ഞത്. എന്നാല്‍ ക്രിക്കറ്റ് ഒരു ഹോബിയല്ലാതിരുന്നിട്ടും, ഗെയിമിലേക്ക് എത്തിയതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിയാരംഭിച്ചതെന്നാണ് പേസ് ഇതിഹാസം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
''പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാനാരംഭിച്ചത്. ഞാന്‍ പന്തെറിഞ്ഞ് തുടങ്ങിയത് അവരെ ആകര്‍ഷിക്കാനാണ്. എന്‍റെ ഫാസ്റ്റ് ബൗളിങ് അവര്‍ നോക്കി നിന്നിരുന്നു. അങ്ങനെ ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി. എന്നാല്‍ എന്‍റെ മോട്ടോര്‍സൈക്കിളില്‍ വരുമ്പോള്‍ അവരുടെ ശ്രദ്ധ കിട്ടാതെയായി. ഇതോടെ ക്രിക്കറ്റില്‍ മുന്നേറണമെന്ന തിരിച്ചറിവുണ്ടായി'' അക്തര്‍ പറഞ്ഞു.
ബിരുദ പഠനം ആരംഭിച്ചപ്പോഴാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതെന്നും അക്തര്‍ പറഞ്ഞു. താന്‍ പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന താന്‍ ഒരല്‍പ്പം കുസൃതിയായിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
also read: EPL | ആഴ്‌സണലിനെ തകർത്ത് ലിവര്‍പൂള്‍; ടോട്ടനം വീണ്ടും വിജയവഴിയിൽ, പ്രീമിയർ ലീഗിൽ കിരീടപ്പോര് കനത്തു
അതേസമയം 1997ല്‍ പാകിസ്ഥാനു വേണ്ടി അരങ്ങേറ്റം നടത്തിയ അക്തര്‍ 2011ലെ ലോകകപ്പിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പാകിസ്ഥാനായി 46 ടെസ്റ്റുകളില്‍ 178 വിക്കറ്റുകള്‍ നേടിയ താരം, 163 ഏകദിനത്തില്‍ 247 വിക്കറ്റുകളും, 15 ടി20യില്‍ 19 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.