മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് പാകിസ്ഥാന്‍റെ ഷുഹൈബ് അക്തർ. തീ തുപ്പുന്ന പന്തുകൾ കൊണ്ട് ബാറ്റർമാരെ ഒന്നടങ്കം അക്തർ വിറപ്പിച്ചിരുന്നു. ഇപ്പോൾ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയ താരത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തർ. അത് സച്ചിനോ, സെവാഗോ, ദ്രാവിഡോ, പോണ്ടിങ്ങോ ഒന്നുമല്ല എന്നതാണ് ഏറ്റവും രസകരം.
ഇന്ത്യൻ മുൻ ബൗളറും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബൗളിങ് പരിശീലകനുമായ ലക്ഷ്‌മിപതി ബാലാജിയുടെ പേരാണ് അക്തർ പറഞ്ഞത്. സച്ചിൻ ടെൻഡുൽക്കർ അടക്കം എന്നെ നേരിടാൻ പ്രയാസപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിലെ ഒട്ടുമിക്ക താരങ്ങളുടേയും സ്ഥിതി ഇതുതന്നെയായിരുന്നു. പക്ഷേ വാലറ്റത്തിറങ്ങിയിരുന്ന ബാലാജി എന്നെ ഭയമേതുമില്ലാതെ നേരിട്ടു. എന്‍റെ പന്തുകൾ സിക്‌സറുകൾ പറത്തി, അക്‌തർ പറഞ്ഞു.
ALSO READ: IPL 2022 | ആരാധകരെ അത്ഭുതപ്പെടുത്തി മത്സര ശേഷം വിശേഷം പങ്കുവെച്ച് ഗംഭീറും ധോണിയും
ഐപിഎല്ലിന്‍റെ ഷോയിൽ ഹർഭജൻ സിങുമായുള്ള സംഭാഷണത്തിനിടയിലാണ് അക്തർ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഐപിഎല്ലിൽ ആദ്യ ഹാട്രിക് നേടിയതാരാണ് എന്നറിയാമോ എന്നായിരുന്നു ഹർഭജനോടുള്ള അക്തറിന്‍റെ ചോദ്യം. ഇതിന് അമിത് മിശ്രയെന്നായിരുന്നു ഹർഭജന്‍റെ ഉത്തരം.
എന്നാൽ അത് ബാലാജിയാണെന്ന് അക്തർ വ്യക്‌തമാക്കി. ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായിരുന്ന ബാലാജി പഞ്ചാബ് കിങ്സിന്‍റെ താരങ്ങളായ ഇർഫാൻ പത്താൻ, പീയുഷ് ചൗള, വിആർവി സിങ് എന്നിവരെ പുറത്താക്കിയാണ് ഹാട്രിക് നേടിയതെന്നും അക്തർ പറഞ്ഞു. പിന്നാലെയാണ് തന്നെ വിറപ്പിച്ച ബാറ്റർ ബാലാജിയാണെന്ന് അക്തർ പറഞ്ഞത്.