കറാച്ചി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് മറുപടിയുമായി പാകിസ്ഥാന്‍ മുൻ പേസര്‍ ഷൊയ്‌ബ് അക്തര്‍. അക്തര്‍ കൈമടക്കിയായിരുന്നു പന്തെറിഞ്ഞിരുതെന്ന സെവാഗിന്‍റെ പ്രസ്‌താവനയ്‌ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഒരു ചാറ്റ് ഷോയ്‌ക്കിടെ മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീയുമായി താരതമ്യം ചെയ്യുമ്പോഴാണ് അക്തര്‍ കൈമടക്കിയായിരുന്നു ബൗള്‍ ചെയ്‌തതെന്ന് സെവാഗ് പറഞ്ഞത്.
സെവാഗിനാണ് ഐസിസിയേക്കാള്‍ കാര്യങ്ങള്‍ അറിയുന്നതെങ്കില്‍ താരത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുമെന്നും അക്തര്‍ പറഞ്ഞു. ''ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ഐക്യത്തെ തങ്ങളുടെ പ്രസ്‌താവനകള്‍ ബാധിക്കില്ലെന്ന് ക്രിക്കറ്റര്‍മാര്‍ ഉറപ്പിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.
സോഷ്യൽ മീഡിയയുടെ കാലത്ത് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സെവാഗ് ശ്രദ്ധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഐസിസിയെക്കാൾ കൂടുതൽ അറിയാമെങ്കിൽ ഞാൻ അദ്ദേഹത്തോട് യോജിക്കും. സെവാഗ് അടുത്ത സുഹൃത്താണ്. തമാശയ്ക്കാണോ അതോ കാര്യമായാണോ സെവാഗ് ആ പരാമര്‍ശം നടത്തിയതെന്നറിയില്ല.
പക്ഷെ അദ്ദേഹം എന്ത് പറഞ്ഞാലും എനിക്ക് അതിൽ ഒട്ടും വിഷമമില്ല. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. സ്വന്തം അഭിപ്രായങ്ങൾക്കും ചിന്തകൾക്കും അദ്ദേഹം അർഹനാണ്. അത്രയേ പറയാനുള്ളൂ.
also read: IPL 2022: മലിംഗ എന്നെ സഹായിച്ചു; ചെന്നൈക്കെതിരായ പ്രകടനത്തിന് പിന്നാലെ മക്കോയ്
ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് സെവാഗ്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ വളരെ ശ്രദ്ധ കൊടുക്കുന്ന പ്രായത്തിലാണ് ഞാനിപ്പോള്‍. ദേശീയ നിലവാരത്തില്‍ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല'' അക്തര്‍ പറഞ്ഞു.