ഇസ്ലാമബാദ് : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തില്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിഞ്ഞിരുന്നില്ല. പാകിസ്ഥാന്‍ പേസ് ത്രയത്തിനെതിരെ ഏറെ ശ്രദ്ധയോടെയായിരുന്നു രോഹിത് തുടങ്ങിയത്. എന്നാല്‍ മഴ തടസപ്പെടുത്തിയ മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീണു.
ഷഹീന്‍ ഷാ അഫ്രീദിയുടെ (Shaheen Shah Afridi) ഒരു തകര്‍പ്പന്‍ ഇന്‍സ്വിങ്ങര്‍ രോഹിത്തിന്‍റെ കുറ്റിയിളക്കുകയായിരുന്നു. ഇതിന് പിന്നാലെ രോഹിത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ പേസ് ഇതിഹാസം ഷൊയ്‌ബ് അക്‌തർ (Shoaib Akhtar Against Rohit Sharma). ഷഹീൻ അഫ്രീദിയുടെ ബോളിങ് മനസിലാക്കാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് രോഹിത്തിന്‍റെ പുറത്താവല്‍ രീതി വ്യക്തമാക്കുന്നതെന്നാണ് അക്‌തര്‍ പറയുന്നത് (Shoaib Akhtar).
"രോഹിത്തിന് ഷഹീന്‍റെ പന്തുകള്‍ മനസ്സിലാക്കാനോ റീഡ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇനി അതിന് കഴിയുമെന്നും ഞാന്‍ കരുതുന്നില്ല. രോഹിത്തിനെ ഷഹീന്‍ ബീറ്റ് ചെയ്യുന്നതും ഇങ്ങനെ പുറത്താക്കുന്നതിന്‍റെയും ദൃശ്യം അത്ര നല്ലതായി തോന്നുന്നില്ല.
കാരണം അവൻ ഇതിലും മികച്ച കളിക്കാരനാണ്. രോഹിത്തിന് ഇതിലും നന്നായി ബാറ്റ് ചെയ്യാൻ കഴിയും. അവന്‍ ആശങ്കപ്പെടുന്നതായി എനിക്ക് തോന്നുന്നു" - ഷൊയ്‌ബ് അക്തർ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എന്നിരുന്നാലും, മഴ രോഹിത്തിന്‍റെ ബാറ്റിങ്ങിന്‍റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടാവാമെന്നും ഷൊയ്‌ബ് അക്‌തർ നിരീക്ഷിച്ചു. ഇന്ത്യയ്‌ക്ക് വേഗത്തില്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടാന്‍ ഇത് കാരണമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. "മഴ നിരന്തരമായി തടസങ്ങളുണ്ടാക്കിയത്, കളിക്കാരെ മത്സരത്തിനിടെ ഗ്രൗണ്ടിന് പുറത്തേക്ക് പോകുന്നതിനും തിരികെ വരുന്നതിനും ഇടയാക്കുന്നു.
തീര്‍ച്ചയായും ഇത് ബാറ്റർമാരുടെ ശ്രദ്ധയെ ബാധിക്കുന്നതാണ്. ഇക്കാരണത്താലാണ് ഗില്‍ പുറത്തായത്. അവന് തന്‍റെ ഏകാഗ്രത നഷ്ടപ്പെട്ടിരുന്നു. അതിനാലാണ് അവന്‍ അത്തരമൊരു ഷോട്ട് കളിച്ചത്" - ഷൊയ്‌ബ് അക്തർ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് 66 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. തുടര്‍ന്ന് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിക്കളിച്ചതോടെയാണ് 48.5 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞത്.
പാകിസ്ഥാന്‍റെ പേസ് ത്രയമായിരുന്നു ഇന്ത്യയെ എറിഞ്ഞ് പിടിച്ചത്. ഷഹീൻ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ പങ്കിട്ടു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവച്ചു. ഇത് നേപ്പാളിനെതിരായ ആദ്യ മത്സരം വിജയിച്ച പാകിസ്ഥാന് സൂപ്പര്‍ ഫോറിലേക്ക് വഴിയൊരുക്കി. നാളെ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്‌ക്കും അവസാന നാലിലെത്താം.