മുംബൈ: ഐപിഎല്ലിന്‍റെ ആവേശപ്പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ് ടീമുകളെല്ലാം. കപ്പ് സ്വന്തമാക്കാൻ ഒട്ടുമിക്ക ടീമുകളും മാസങ്ങൾക്ക് മുന്നേ തന്നെ തങ്ങളുടെ പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ വരാനിരിക്കുന്ന ഐപിഎല്ലിൽ ബാറ്റർമാരെ വെട്ടിലാക്കാൻ ഒരു പ്രത്യേക ഡെലിവറി വികസിപ്പിക്കുകയാണെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസിന്‍റെ ഫാസ്റ്റ് ബൗളർ ശിവം മാവി.
'ഈ ഐപിഎല്ലിനായി ഞാൻ ഒരു പ്രത്യേക ഡെലിവറി പ്ലാൻ ചെയ്‌തിട്ടുണ്ട്. അത് എന്താണെന്ന് ഇവിടെ പരാമർശിക്കുന്നില്ല. പക്ഷേ എനിക്ക് അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം ഞാൻ ആ പന്തിനെക്കുറിച്ച് സംസാരിക്കാം. വ്യത്യസ്‌ത രീതിയിലുള്ള ആ ഡെലിവറി വികസിപ്പിക്കാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനായുളള ജോലികൾ പുരോഗമിച്ച് വരികയാണ്'. ശിവം മാവി പറഞ്ഞു.
അതേസമയം ബോളിങ് കൂടാതെ ബാറ്റ് കൊണ്ടും തനിക്ക് ശക്തമായ പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയുമെന്നും മാവി വ്യക്‌തമാക്കി. 'കഴിഞ്ഞ 1-2 വർഷമായി എല്ലാ ടീമുകൾക്കും ലോവർ ഓർഡർ ബാറ്റിങ് വളരെ പ്രധാനമായിത്തീർന്നിരിക്കുന്നു. ഐപിഎല്ലിൽ മാത്രമല്ല, രാജ്യന്തര മത്സരങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും എല്ലാം ഇതാണ് സ്ഥിതി. നിങ്ങൾക്ക് 2-3 സിക്‌സറുകൾ നേടാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ ടീമിന് വളരെ പ്രയോജനകരമാകും'. മാവി പറഞ്ഞു.
കരുത്തുറ്റ നിരയുമായി ടൈറ്റൻസ്: സത്യസന്ധമായി പറഞ്ഞാൽ ഗുജറാത്ത് ടൈറ്റൻസിൽ ഇത്തവണ ഒരു സമ്മർദവുമില്ല. കഴിഞ്ഞ വർഷത്തെ സീസണിൽ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്‌തു. അതുപോലെ ഈ വർഷവും ഞങ്ങളുടെ റോൾ ഭംഗിയായി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ ഈ വർഷം ഞങ്ങൾ കരുത്തരായ താരങ്ങളെയും ടീമിൽ എത്തിച്ചിട്ടുണ്ട്. മാവി പറഞ്ഞു.
ബൗളർമാർ ലക്ഷ്യമിടുന്നത് ഇവിടെ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുകയും ദേശീയ ടീമിൽ ഇടം നേടുകയും ചെയ്യുക എന്നതാണ്. ടീമിന് വേണ്ടി എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് എന്‍റെ ലക്ഷ്യം. ദൂരെയുള്ള കാര്യങ്ങളെക്കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. എന്‍റെ മുന്നിലുള്ള കാര്യങ്ങളിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാവി വ്യക്‌തമാക്കി.
ബാറ്റിങ്ങിലും തകർക്കും: തന്‍റെ ചില പോരായ്‌കമൾ തരണം ചെയ്യാൻ ഫിറ്റ്‌നസിൽ വളരെയധികം കഠിനാധ്വാനം ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനായത് തന്‍റെ ഗെയിം മെച്ചപ്പെടുത്തിയതായും മാവി പറഞ്ഞു. 'കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ബാറ്റിംഗിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കഠിനാധ്വാനത്തിന്‍റെ ഫലം എനിക്ക് ലഭിച്ചു.
കാരണം ബാറ്റിങ്ങിൽ ഞാൻ വളരെയധികം മെച്ചപ്പെട്ടിണ്ട്. ടീമിന് ഉപയോഗപ്രദമാകാൻ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. എന്‍റെ ജോലിഭാരം നിയന്ത്രിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പതിവായി ക്രിക്കറ്റ് കളിക്കുന്നു. കുറ്റൻ ഷോട്ടുകൾ അടിക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഞാൻ എപ്പോഴും നന്നായി ബാറ്റ് ചെയ്യുമായിരുന്നു. പക്ഷേ സിക്‌സറുകൾ എളുപ്പത്തിൽ അടിക്കാനാകുമായിരുന്നില്ല. അതിനാൽ ഞാൻ അതിൽ വളരെ കഠിനാധ്വാനം ചെയ്യുകയും ഫലം കണ്ടെത്തുകയും ചെയ്‌തു. മുൻപ് എന്‍റെ പേശികൾ ദുർബലമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ വളരെ ശക്‌തനാണ്' - മാവി കൂട്ടിച്ചേർത്തു.
ALSO READ: 'രാജാവിന് സ്വാഗതം'; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ചേർന്ന് വിരാട് കോലി, ആരാധകർ ആവേശത്തിൽ