ലഖ്‌നൗ : 2023ൽ നടക്കുന്ന ഏകദിന ലോകകപ്പാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി ശാരീരിക ക്ഷമതയും, മാനസികാവസ്ഥയും മികച്ച രീതിയിൽ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഇന്ത്യൻ താരം ശിഖർ ധവാൻ. വ്യാഴാഴ്‌ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം.
'മനോഹരമായ ഒരു കരിയർ ലഭിച്ചതിൽ ഞാൻ വളരെ അനുഗ്രഹീതനാണെന്ന് തോന്നുന്നു. ശരിക്കും ഞാൻ നന്ദിയുള്ളവനാണ്. സാധ്യമാകുമ്പോഴെല്ലാം ഞാൻ എന്‍റെ അറിവ് യുവാക്കൾക്ക് കൈമാറുന്നു. ഇപ്പോൾ പുതിയ ഉത്തരവാദിത്തം എന്നിൽ ഉണ്ട്. പക്ഷേ വെല്ലുവിളികളും ഞാൻ കാണുന്നുണ്ട്. എന്നാൽ ഞാൻ അവ ആസ്വദിക്കുന്നു - ധവാൻ വ്യക്‌തമാക്കി.
ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന ബാറ്ററാണ് ധവാൻ. എന്നാൽ താരത്തിന് ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ വേണ്ട പരിഗണന നൽകാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇന്ത്യക്കായി 34 ടെസ്റ്റിൽ നിന്ന് 2315 റണ്‍സും, 158 ഏകദിനങ്ങളിൽ നിന്നായി 6647 റണ്‍സും, 68 ടി20കളിൽ നിന്ന് 1759റണ്‍സും ധവാൻ നേടിയിട്ടുണ്ട്.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ശ്രേയ്യസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനെക്കൂടാതെ ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ സ്ഥാനത്തുണ്ട്. ഋതുരാജ് ഗെയ്‌ക്വാദ്, രജത് പടിദാർ, രാഹുൽ ത്രിപാഠി, ഷഹബാസ് അഹമ്മദ്, മുകേഷ് കുമാർ എന്നീ യുവതാരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.