ജൊഹാനസ്ബര്‍ഗ്: പ്രോട്ടീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടത്തോടെ ശാര്‍ദുല്‍ താക്കൂര്‍ തിരുത്തിയത് ഒരു പിടി റെക്കോഡുകളും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം, ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനം എന്നീ റെക്കോഡുകളാണ് താരം സ്വന്തം പേരിലാക്കിയത്.
മത്സരത്തില്‍ 17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ശാര്‍ദുല്‍ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയത്. ഇതോടെ പ്രോട്ടീസിനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനമെന്ന റെക്കോഡില്‍ ആര്‍ അശ്വിനെ മറികടക്കാന്‍ താരത്തിനായി.
2015-2016 സീസണില്‍ നാഗ്‌പൂരില്‍ 66 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ഏഴ് വിക്കറ്റെടുത്തിരുന്നത്. 2004-2005സീസണില്‍ ഹര്‍ഭജന്‍ സിങ്ങും പ്രോട്ടീസിനെതിരെ ഏഴ് വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സ് വഴങ്ങിയായിരുന്നു താരത്തിന്‍റെ പ്രകടനം.
അതേസമയം ദക്ഷിണാഫ്രിക്കയിലെ മികച്ച പ്രകടനത്തില്‍ ഹര്‍ഭജന്‍ സിങ്ങിനെയാണ് ശാര്‍ദുല്‍ മറികടന്നത്. 2010-2011 സീസണില്‍ കേപ്ടൗണില്‍ 102 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റായിരുന്നു ഹര്‍ഭജന്‍റെ നേട്ടം.
also read: വിവാദങ്ങള്‍ ഒടുങ്ങി?; ചെല്‍സി സ്‌ക്വാഡിലേക്ക് ലുക്കാക്കു തിരിച്ചെത്തും
അനില്‍ കുംബ്ലെ(53-6, ജൊഹാനസ്ബര്‍ഗ്), ജവഗല്‍ ശ്രീനാഥ് (76-6, പോര്‍ട്ട് എലിസബത്ത്), രവീന്ദ്ര ജഡേജ (138-6, ഡര്‍ബന്‍) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ മറ്റ് മികച്ച പ്രകടനം.