അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന് താരമെന്ന നേട്ടം കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കിയത്. മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു കോലി മറികടന്നത്. 2012 മുതല്‍ 2022 വരെയുള്ള 25 മത്സരങ്ങളില്‍ കോലി ഇതുവരെ 1065 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇതിന് പിന്നാലെയാണ് ടി20 ലോകകപ്പുകളില്‍ വിരാട് കോലിയുടെ പ്രകടനം വിചിത്രവും അദ്ദേഹത്തിന്‍റെ സ്‌റ്റാറ്റ്സുകളെ അതിവിചിത്രമെന്നും വിശേഷിപ്പിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍ രംഗത്തെത്തിയത്. ഇന്ത്യ- ബംഗ്ലാദേശ് മത്സരശേഷമായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ പ്രതികരണം.
'ടി20 ലോകകപ്പിൽ 80ന് മുകളിൽ ശരാശരിയിൽ 1000 റൺസ് സ്‌കോര്‍ ചെയ്യുക എന്നത് തീര്‍ത്തും അവിശ്വസനീയമാണ്. ടി20 എന്നത് തന്നെ ഒരു അപകട സാധ്യത കൂടിയ ക്രിക്കറ്റ് ഫോര്‍മാറ്റാണ്. അതുകൊണ്ട് തന്നെ അപകടകരമായ രീതിയില്‍ വേണം റണ്‍സ് കണ്ടെത്താന്‍.
എന്നാല്‍ ഇതുപോലൊരു ടൂര്‍ണമെന്‍റ് ചരിത്രത്തിലെ സ്റ്റാറ്റ്സുകളില്‍ വിരാട് കോലിയുടെ പ്രകടനം നേക്കൂ. അത് വളരെ വിചിത്രമായ ഒന്നാണ്. ഇങ്ങനെയൊരു ഫോര്‍മാറ്റില്‍ സ്ഥിരതയോടെ ബാറ്റിങ് കാഴ്‌ചവെക്കാനും മികച്ച കളി പുറത്തെടുക്കാനും കഴിയുന്നത് അവിശ്വസനീയമാണ്'- വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയില്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ മികച്ച ഫോം ആണ് വിരാട് കോലി തുടരുന്നത്. ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ച താരം മൂന്ന് അര്‍ധസെഞ്ച്വറി ഉള്‍പ്പടെ 220 റണ്‍സാണ് അടിച്ച് കൂട്ടിയത്. നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററാണ്.