കാൻബറ: ഓസ്ട്രേലിൻ ഇതിഹാസ സ്‌പിന്നർ ഷെയ്‌ൻ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസായിരുന്നു. തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് മരണം സംഭവിച്ചത്. വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍.
ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ തന്‍റെ പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്.
ഏകദിനത്തിൽ ഒരു തവണ അഞ്ച് വിക്കറ്റും വോണ്‍ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 3154 റണ്‍സും, ഏകദിനത്തിൽ 1018 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ 55 മത്സരങ്ങളിൽ നിന്ന് 57 വിക്കറ്റുകളും വീഴ്‌ത്തി.