ദുബായ്: യുഎഇ ടി20 ലീഗ് ടീം എംഐ എമിറേറ്റ്‌സിന്‍റെ മുഖ്യ പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഷെയ്‌ന്‍ ബോണ്ടിനെ നിയമിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ ബോളിങ് പരിശീലകനായിരുന്നു ഷെയ്‌ന്‍ ബോണ്ട്. ഇന്ത്യയുടെ മുന്‍ താരങ്ങളായിരുന്ന പാർഥിവ് പട്ടേൽ, വിനയ് കുമാർ എന്നിവര്‍ക്കും പരിശീലക സ്ഥാനത്ത് അരങ്ങേറ്റത്തിന് ടീം അവസരം നല്‍കിയിട്ടുണ്ട്.
പാർഥിവ് പട്ടേൽ ബാറ്റിങ് പരിശീലകനായും വിനയ് കുമാർ ബോളിങ് പരിശീലകനായുമാണ് എത്തുന്നത്. മുംബൈയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ലിനാണ് ഫീല്‍ഡിങ് പരിശീലകന്‍. യുഎഇ ക്രിക്കറ്റില്‍ മികച്ച അനുഭവസമ്പത്തുള്ള റോബിൻ സിങ്ങിന് ക്രിക്കറ്റ് ജനറൽ മാനേജരായും ചുമതല നല്‍കിയിട്ടുണ്ട്.
ഷെയ്ൻ, റോബിൻ, പാർഥിവ്, വിനയ്, ജെയിംസ് എന്നിവരെ എംഐ എമിറേറ്റ്‌സിലെ അവരുടെ പുതിയ റോളുകളിലേക്ക് മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രസ്‌താവനയിൽ സ്വാഗതം ചെയ്‌തു. വിവിധ കാലങ്ങളില്‍ എംഐയുടെ ഭാഗമായിരുന്നതിനാല്‍ ടീമിന്‍റെ മൂല്യത്തെക്കുറിച്ച് അറിയുന്നവാണ് ഇവരെല്ലാം. ആരാധകരുടെ സ്‌നേഹം ആകർഷിക്കുന്ന ഒരു ടീമായി എംഐ എമിറേറ്റ്‌സിനെ കെട്ടിപ്പടുക്കാൻ ഇവർക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു.
കാത്തിരിക്കുന്നുവെന്ന് ബോണ്ട്: പുതിയ നിയമനം ബഹുമതിയാണെന്ന് ഷെയ്ന്‍ ബോണ്ട് പ്രതികരിച്ചു. പുതിയ ഒരു ടീമിനെ രൂപപ്പെടുത്തുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്. എംഐയുടെ പാരമ്പര്യം വർധിപ്പിക്കുന്നതിനും ഗെയിമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി കളിക്കാരെ പ്രചോദിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും ബോണ്ട് വ്യക്തമാക്കി.
2015-ൽ മുംബൈ ഇന്ത്യൻസിൽ ചേർന്ന ഷെയ്‌ന്‍ ബോണ്ട് ടീമിനൊപ്പം നാല് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മുംബൈയുടെ മുന്‍ താരങ്ങളായ പാർഥിവ് പട്ടേൽ, വിനയ് കുമാര്‍ എന്നിവര്‍ നിലവില്‍ ടീമിന്‍റെ ടാലന്‍റ് സ്‌കൗട്ടിങ് ടീമിന്‍റെ ഭാഗമാണ്. 2010 മുതല്‍ ടീമിന്‍റെ കോച്ചിങ് ടീമിലുള്ള റോബിന്‍ സിങ് ടീമിനൊപ്പം അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
also read: sanju samson| അപ്രതീക്ഷിത 'നായകനായി' സൂപ്പർ സഞ്‌ജു, സെലക്‌ടർമാരുടെ അടവോ അംഗീകാരമോ