ഇസ്ലാമബാദ് : ക്രിക്കറ്റിൽ പേസ് ബൗളർമാരെയാണ് ഏറ്റവും പെട്ടെന്ന് പരിക്ക് പിടികൂടുന്നത്. വിശ്രമമില്ലാത്ത നിരന്തരമായ പരിശീലനവും കായിക അധ്വാനവുമാണ് പേസർമാരെ പെട്ടെന്ന് തന്നെ പരിക്കിന്‍റെ പിടിയിലെത്തിക്കുന്നത്. ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ മാസങ്ങളായി പരിക്കേറ്റ് ടീമിന് പുറത്താണ്. പാകിസ്ഥാന്‍റെ ഷഹീൻ അഫ്രീദിയേയും പരിക്ക് അലട്ടുന്നുണ്ട്.
ഇപ്പോൾ മുൻ പേസർ ശുഹൈബ് അക്‌തറിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. ക്രിക്കറ്റിൽ സജീവമായിരുന്ന കാലഘട്ടങ്ങളിൽ പരിക്കുള്ള സമയങ്ങളിൽ ശുഹൈബ് അക്‌തർ വേദന സംഹാരികൾ കുത്തിവയ്‌ക്കാറുണ്ടായിരുന്നു എന്നാണ് അഫ്രീദി വെളിപ്പെടുത്തിയിരിക്കുന്നത്. നിരന്തരമായി കുത്തിവയ്‌പ്പ് എടുക്കുന്നതിനാൽ അക്‌തറിന് ഇപ്പോൾ നടക്കാൻ പോലും പ്രയാസമാണെന്നും അഫ്രീദി പറഞ്ഞു.
'നോക്കൂ, ഷുഹൈബ് അക്തറിന്‍റെ ക്ലാസാണിത്. അവന് അത് ചെയ്യാൻ കഴിയും. എല്ലാവർക്കും ഷുഹൈബ് അക്‌തർ ആകാൻ കഴിയില്ല. കുത്തിവയ്‌പ്പുകളും വേദന സംഹാരികളും കഴിച്ച് പരിക്കുമായി കളിക്കുന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്. കാരണം ആ അവസ്ഥയിൽ നിങ്ങളുടെ പരിക്ക് കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. എന്തായാലും ഷുഹൈബ് അക്‌തറിനെ നമുക്ക് വെറുതെ വിടാം' - അഫ്രീദി പറഞ്ഞു.
ഒരു കാലത്ത് ലോകത്തെ മുൻനിര ബാറ്റർമാരെയെല്ലാം ഒരു പോലെ വിറപ്പിച്ചിരുന്ന അക്‌തറിനെക്കുറിച്ചുള്ള അഫ്രീദിയുടെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയേക്കും. പാകിസ്ഥാന് വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20കളും അക്‌തർ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 247 വിക്കറ്റും, ടെസ്റ്റിൽ 178 വിക്കറ്റും ടി20യിൽ 19 വിക്കറ്റും താരം നേടിയിട്ടുണ്ട്.