കറാച്ചി: പാകിസ്ഥാൻ മുൻ നായകൻ ഷഹിദ് അഫ്രീദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതാരം ഡാനിഷ് കനേരിയ. പാകിസ്ഥാൻ ടീമിൽ മതത്തിന്‍റെ പേരിൽ താൻ കടുത്ത വിവേചനമാണ് നേരിട്ടതെന്നും തന്നെ ഏറ്റവുമധികം ദ്രോഹിച്ചത് ഷഹിദ് അഫ്രീദിയായിരുന്നു എന്നുമാണ് കനേരിയ വെളിപ്പെടുത്തിയത്. നേരത്തെ ടീമിലെ ഏക ഹിന്ദുമത വിശ്വാസിയായി കനേരിയയോട് സഹതാരങ്ങൾ മോശമായി പെരുമാറിയിരുന്നതായും ഒരേ മേശയിൽ നിന്ന് ഭക്ഷണം എടുക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും സഹതാരമായിരുന്ന ഷുഹൈബ് അക്‌തറും വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന ടീമിനൊപ്പമുണ്ടായിരുന്ന കാലത്ത് ഞാൻ നേരിട്ട വിവേചനവും പ്രശ്‌നങ്ങളും ആദ്യമായി തുറന്ന് പറഞ്ഞത് ഷുഹൈബ് അക്തറാണ്. അതിന് ധൈര്യം കാട്ടിയ അക്‌തറിന് നന്ദി. എന്നാൽ അധികൃതരിൽ നിന്നുള്ള സമ്മർദം മൂലം അക്‌തറും അക്കാര്യം സംസാരിക്കുന്നത് നിർത്തി. പക്ഷേ അന്ന് വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും യഥാർഥമാണ്. കടുത്ത വിവേചനമാണ് പാകിസ്ഥാൻ ടീമിൽ ഞാൻ നേരിട്ടത്, കനേരിയ പറഞ്ഞു.
അഫ്രീദിയിൽ നിന്നാണ് ഞാൻ ഏറ്റവുമധികം അവഗണന നേരിട്ടത്. ഒരേ ടീമിലാണ് കളിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് എന്നെ ബെഞ്ചിൽ ഇരുത്താൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. സ്ഥിരമായി എന്നെ മാറ്റിയിരിത്തി. ഞാൻ ടീമിൽ ഉള്ളത് പോലും അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നില്ല. നുണയനും ചതിയനുമാണ് അഫ്രീദി. ഒരു വ്യക്‌തിത്വമില്ലാത്ത മനുഷ്യനായിരുന്നു അയാൾ. കനേരിയ പറഞ്ഞു.
എന്നാൽ എന്‍റെ ശ്രദ്ധമുഴുവൻ ക്രിക്കറ്റിൽ മാത്രമായിരുന്നു. അതിനാൽ തന്നെ ഇവയെയെല്ലാം ഞാൻ അവഗണിച്ചിരുന്നു. മറ്റുള്ള താരങ്ങളുടെ അടുത്ത് പോയി സംസാരിച്ച് അവരെ എനിക്കെതിരാക്കുന്നതായിരുന്നു അഫ്രീദിയുടെ രീതി. ഞാൻ മികച്ച പ്രകടനം പുറത്തെടുത്താൽ അസൂയപ്പെടുന്ന താരമായിരുന്നു അദ്ദേഹം. പാകിസ്ഥാൻ ടീമിനുവേണ്ടി കളിക്കാനായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്‌തിയാണ് ഞാൻ, കനേരിയ കൂട്ടിച്ചേർത്തു.