കറാച്ചി: ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് കശ്‌മീര്‍ പേസര്‍ ഉമ്രാൻ മാലിക്. സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ ഉമ്രാന്‍ തുടര്‍ച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിഞ്ഞാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ ജമ്മു കശ്‌മീരില്‍ നിന്നുള്ള 22കാരന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പേസര്‍ ഷഹീൻ ഷാ അഫ്രീദി.
'സ്ഥിരതയുള്ള വിജയം ആസ്വദിക്കാൻ ഉമ്രാൻ കൂടുതൽ കൃത്യത കാണിക്കേണ്ടതുണ്ടെന്ന്' ഷഹീൻ അഫ്രീദി പറഞ്ഞു. ഉമ്രാനെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് പാക് പേസറുടെ പ്രതികരണം. 'നിങ്ങൾക്ക് ലൈനും ലെങ്‌തും സ്വിങും ഇല്ലെങ്കിൽ വേഗത നിങ്ങളെ സഹായിക്കില്ല', ഷഹീൻ കൂട്ടിച്ചേര്‍ത്തു.
also read: 'അർജുൻ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനുമായി താരതമ്യം ചെയ്യരുത്': കപിൽ ദേവ്
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍ കൂടിയാണ് ഉമ്രാന്‍. സീസണിലെ 14 മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകളാണ് താരം നേടിയത്. കൂടാതെ ഇത്തവണ വേഗതയേറിയ രണ്ടാമത്തെ പന്തിന് ഉടമ കൂടിയാണ് ഉമ്രാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഉമ്രാന്‍ മാലിക് പന്തെറിഞ്ഞത്.