കേപ്‌ടൗണ്‍: അണ്ടര്‍ 19 വനിത ടി20 ലോകകപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ കിരീടമുയര്‍ത്തി ചരിത്രം തീര്‍ക്കാന്‍ ഷഫാലി വര്‍മയ്‌ക്കും സംഘത്തിനും കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ തന്‍റെ ടീം എത്തിച്ചേര്‍ന്ന നാഴികക്കല്ലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണീരടക്കാന്‍ ഷഫാലിക്ക് കഴിഞ്ഞിരുന്നില്ല.
കൈകൊണ്ടും പിന്നെ ജേഴ്‌സി കൊണ്ടും കണ്ണീര്‍ തുടച്ചതിന് ശേഷമാണ് താരം ചോദ്യത്തിന് ഉത്തരം നല്‍കിയത്. ലോകകപ്പ് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്‍റെ ആദ്യ പ്രതികരണം.
ഈ മനോഹരമായ ടീമിനെ തന്നതിന് ബിസിസിഐക്ക് നന്ദി പറയുന്നതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായ പ്രകടനം നടത്തിയ ശ്വേത സെഹ്‌റാവത്തിനെ ഷഫാലി അഭിനന്ദിച്ചു.
"അവൾ (ശ്വേത സെഹ്‌റാവത്) മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങളുടെ എല്ലാ പദ്ധതികളും കൃത്യമായി നടപ്പിലാക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. അവൾക്ക് മാത്രമല്ല, അർച്ചന, സൗമ്യ ... എനിക്ക് പേരുകള്‍ കിട്ടുന്നില്ല. അവരെല്ലാം അവിശ്വസനീയ പ്രകടനങ്ങളാണ് നടത്തിയത്", ഷഫാലി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ 68 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 69 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇതിനകം തന്നെ ഇന്ത്യയുടെ സീനിയർ ടീമിൽ സ്ഥിരക്കാരിയാണ് ഷഫാലി.
ദക്ഷിണാഫ്രിക്കയിൽ തന്നെ അടുത്ത മാസം നടക്കുന്ന ടി20 വനിത ലോകകപ്പിലും താരം ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. ടി20 വനിത ലോകപ്പിലും ഇന്ത്യയ്‌ക്ക് കിരീടം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഷഫാലി പ്രകടിപ്പിച്ചു. 2020ലെ വനിത ടി20 ലോകകപ്പിലും ഷഫാലി ഇന്ത്യയ്‌ക്കായി കളിച്ചിരുന്നു.
അന്ന് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ഇത്തവണ കപ്പടിച്ച് മടങ്ങാന്‍ തന്നെയാവും ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുക.