റാഞ്ചി (ജാര്‍ഖണ്ഡ് ): ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ വരുമ്പോള്‍ ഇന്ത്യയിലുള്ള കളിപ്രേമികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത പേരാണ് എംഎസ് ധോണിയുടേത്. 2007ല്‍ ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ എംഎസ് ധോണി പിന്നീട് 2011ല്‍ ടീമിനെ ഏകദിന ലോകകപ്പ് നേട്ടത്തിലേക്കുമെത്തിച്ചു. 2013ല്‍ ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം ടീം ഇന്ത്യയ്‌ക്ക് ഇതുവരെയും ഐസിസിയുടെ ഒരു മേജര്‍ ട്രോഫിയും നേടാനായിട്ടില്ല (Shabbir Hussain About MS Dhoni).
ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇന്ത്യ ആ കിരീട വരള്‍ച്ച അവസാനിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേ പ്രതീക്ഷയാണ് ഇന്ത്യയ്‌ക്ക് അവസാനമായി ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ എംഎസ് ധോണിയുടെ ബാല്യകാല സുഹൃത്തുക്കളില്‍ ഒരാളായ ഷബീർ ഹുസൈനും (MS Dhoni Childhood Friend Shabbir Hussain) പങ്കുവയ്‌ക്കാനുള്ളത്. അതോടൊപ്പം തന്നെ എംഎസ് ധോണിക്കൊപ്പമുള്ള ചില ഓര്‍മകളെ കുറിച്ചും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു.
'മറ്റൊരാളുമായും താരതമ്യപ്പെടുത്താന്‍ കഴിയാത്ത ഒരാളാണ് എംഎസ് ധോണി. ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയാല്‍ പലരും ആഭ്യന്തര ക്രിക്കറ്റിലേക്ക് അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. എന്നാല്‍ ധോണി അങ്ങനെ ആയിരുന്നില്ല. ഓരോ മത്സരത്തേയും അതിന്‍റേതായ ഗൗരവത്തോടെയാണ് ധോണി കണ്ടിരുന്നത്.
ഏത് മത്സരമായാലും ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അടുത്തിടെ, കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്കും അദ്ദേഹം വിധേയനായി. എന്നാല്‍, അതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് എത്തിക്കാന്‍ ധോണിക്ക് സാധിച്ചു. ഇങ്ങനെയൊക്കെ ക്രിക്കറ്റിനോട് അഭിനിവേശമുള്ള ഒരാളെ അപൂര്‍വമായിട്ട് മാത്രമേ കാണാന്‍ സാധിക്കൂ' - ഷബീർ ഹുസൈന്‍ പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലും രഞ്ജി ട്രോഫിയിലും ധോണിയുടെ സഹതാരമായി കളിച്ചിരുന്നയാള്‍ കൂടിയാണ് ഷബീർ. ഈ ലോകകപ്പ് നേടാന്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്‌ക്ക് സാധ്യതകള്‍ ഏറെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ഒരു ദശാബ്‌ദക്കാലത്തിലേറെ ഇന്ത്യന്‍ ടീമിനായി കളിച്ച ധോണിയുടെ പരിചയസമ്പത്ത് കൃത്യമായി ഉപയോഗിക്കാന്‍ ബിസിസിഐ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Also Read : ETV BHARAT SPECIAL: Cricket World Cup 2023 രോഹിതിന് അത് കഴിയും, ധോണിയുടെ ബാല്യകാല പരിശീലകൻ ഇടിവി ഭാരതിനോട്
സ്‌കൂള്‍ കാലഘട്ടത്തിലെ തങ്ങളുടെ ഓര്‍മകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. താനും ധോണിയും ചേര്‍ന്ന് ഒരു മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ നേടിയ 376 റണ്‍സ് ഇന്നും അവിടെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡില്‍ ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഇക്കാര്യം താന്‍ ധോണിയുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.