അബുദബി: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാറ ടെയ്‌ലര്‍. അബുദബി ടി10 ലീഗില്‍ ടീം അബുദബിയുടെ സഹപരിശീലകയായി നിയമിതയായതോടെയാണ് സാറ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
ടി10 ലീഗിലെ തന്‍റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സാറ പ്രതികരിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ലോകമെമ്പാടുമുള്ള കളിക്കാരെയും പരിശീലകരെയും ലഭിക്കും. ഇതിനിടയില്‍ നിന്നും തനിക്ക് ലഭിച്ച ചുമതല ചെറുതല്ല.
ചില പെൺകുട്ടികളോ, സ്ത്രീകളോ തന്നെ കോച്ചിങ് ടീമിൽ കാണുകയും അതൊരു അവസരമാണെന്ന് മനസിലാക്കുകയും ചെയ്യും. ഇത് അവർക്കുള്ള പ്രചോദനം ആവട്ടെ. 'അവൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് എനിക്ക് കഴിയില്ല' എന്നവര്‍ ചിന്തിക്കട്ടെയെന്നും താരം പറഞ്ഞു.
also read: വംശീയവാദിയല്ല, അങ്ങനെ വിളിക്കുന്നത് വേദനിപ്പിക്കുന്നു : ക്വിന്‍റൺ ഡി കോക്ക്
നേരത്തെ കൗണ്ടി ക്ലബ്ബ് സസെക്‌സില്‍ വനിത സ്‌പെഷ്യലൈസ്ഡ് കോച്ചായിരുന്ന 32കാരിയായ താരം എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 2006ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയ താരം 2019ലാണ് വിരമിച്ചത്. 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളും സാറ ടീമിനായി കളിച്ചിട്ടുണ്ട്.