മുംബൈ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ വമ്പിച്ച തോൽവിയാണ് ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. ഏറെ കൊട്ടിഘോഷിച്ച് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ ഇന്ത്യൻ ടീം നനഞ്ഞ പടക്കമായി മടങ്ങുന്ന കാഴ്‌ചയാണുണ്ടായത്. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്ക് നേരെയും വലിയ വിമർശനം ഉയർന്നു.
ഇപ്പോൾ ജൂലൈയിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രണ്ട് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി20 മത്സരങ്ങൾ എന്നിവയാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ കളിക്കുക. പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസങ്ങളിൽ തന്നെ ബിസിസിഐ പ്രഖ്യാപിക്കും.
പരമ്പരയിൽ സീനിയർ താരങ്ങൾക്ക് പകരം ഒരുപിടി യുവതാരങ്ങളെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ യുവ ഓപ്പണർ യശ്വസി ജയ്‌സ്വാളിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്റ്റാൻഡ് ബൈ താരമായി യശ്വസി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്‌ചവച്ച യശ്വസിയെ ചേതേശ്വർ പുജാരയ്‌ക്ക് പകരക്കാരനായി മൂന്നാം നമ്പറിൽ കളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മോശം പ്രകടനം കാഴ്‌ചവച്ച പുജാരയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളിൽ ഇടം പിടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐപിഎല്ലിൽ കാര്യമായ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചില്ലെങ്കിലും റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരുടെ അഭാവത്തിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇടം നേടിയെങ്കിലും പരിക്ക് മൂലം താരത്തിന് പുറത്തുപോകേണ്ടി വന്നിരുന്നു.
ഉമ്രാനും, അർഷ്‌ദീപും ടീമിൽ : പേസർ ഉമ്രാൻ മാലിക്കിനെയും വിൻഡീസ് പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഇത്തവണത്തെ ഐപിഎല്ലിൽ സണ്‍റൈസേഴ്‌സിനായി താരത്തിന് കാര്യമായ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ കൂടുതൽ അവസങ്ങളും താരത്തിന് ലഭിച്ചിരുന്നില്ല.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയിട്ടുള്ള ഉമ്രാന്‍ മാലിക് ഇതുവരെ എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അതേസമയം ഐപിഎല്ലിന് ശേഷം കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന അർഷ്‌ദീപ് സിങ്ങിനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പറായി കെ എസ് ഭരത് തുടരാൻ തന്നെയാണ് സാധ്യത.
കെഎൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാൽ തന്നെ ഇഷാൻ കിഷനും ഏകദിന ടി20 ടീമുകളിൽ അവസരം ലഭിച്ചേക്കും. ജൂലൈ 12ന് ഡൊമിനിക്കയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാവുക. രണ്ടാം ടെസ്റ്റ് 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും ആരംഭിക്കും.