ഹൈദരാബാദ് : മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സ്ഥാനം പിടിച്ചത്. ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പരമ്പരയ്‌ക്കുള്ള താരങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഇതിൽ മറ്റുതാരങ്ങളുടെ ചിത്രങ്ങളെ അപേക്ഷിച്ച് സഞ്ജുവിന്‍റെ ഫോട്ടോയ്‌ക്കാണ് കൂടുതൽ ആരാധക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നത്. സീനിയർ താരങ്ങളായ ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് സഞ്ജുവിന്‍റെ ചിത്രം കുതിക്കുന്നത്. നിലവിൽ 47000 ത്തിലധികം ലൈക്കും, 5000 ത്തിലധികം കമന്‍റുകളുമാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കൂട്ടത്തിൽ യുവ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന്‍റെ ചിത്രമാണ് ആരാധക പിന്തുണയിൽ രണ്ടാമത്. 15000ത്തിലധികം ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. മൂന്നാമതുള്ള ദിനേശ് കാർത്തിക്കിന്‍റെ ചിത്രത്തിന് 8000ത്തിലധികം ലൈക്കുകളാണ് കിട്ടിയത്.
- " class="align-text-top noRightClick twitterSection" data="">
സഞ്ജുവിന്‍റെ ചിത്രത്തിന് ലഭിക്കുന്ന പിന്തുണ താരത്തിന്‍റെ പ്രതിഭയ്‌ക്ക് ലഭിക്കുന്ന അംഗീകാരമാണ്. സഞ്ജുവിന് സ്ഥിരമായി ഇന്ത്യൻ ടീമിൽ സ്ഥാനം നൽകിയാൽ താരത്തിന് പൂർണ മികവിലെത്താനാകുമെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളിൽ ഭൂരിഭാഗവും. താരത്തിന്‍റെ ടീമിലേക്കുള്ള തിരിച്ചുവരവിന് ആശംസകളുമായും ആരാധകർ എത്തിയിട്ടുണ്ട്.
നേരത്തെ, അയർലൻഡിനെതിരായ ട്വന്‍റി- 20 മത്സരത്തിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടം നേടിയപ്പോഴും ആരാധകർ ആഘോഷമാക്കിയിരുന്നു. മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ കൂടി നടന്നുപോയ സഞ്ജുവിനോട് ഓട്ടോഗ്രാഫ് വാങ്ങാനും, താരത്തിനൊപ്പം സെല്‍ഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ ബഹളമായിരുന്നു.
2015 ജൂലായ് 19ന് സിംബാബ്‌വെക്കെതിരെ ആയിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്‍റെ അരങ്ങേറ്റം. അതിനുമുന്‍പ് 2014ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതേവര്‍ഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടി.
അതേവര്‍ഷം ഡിസംബറില്‍ പ്രഖ്യാപിച്ച 2015ലെ ഏകദിന ലോകകപ്പിനുള്ള 30 അംഗ സാധ്യതാടീമിലും സഞ്ജു ഇടം നേടിയെങ്കിലും അവസാന 15ല്‍ ഉണ്ടായിരുന്നില്ല. പിന്നീട് 2015ല്‍ ഇന്ത്യന്‍ ടീമിന്‍റെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടു. ഒരു ഏകദിനവും രണ്ട് ടി20 മത്സരവും അടങ്ങുന്നതായിരുന്നു പരമ്പര. 2015 ജൂലൈ 19ന് സിംബാംബ്‍വെയ്‌ക്കെതിരെ ഹരാരെയിലായിരുന്നു ഇന്ത്യൻ ടി20 ടീമിൽ സഞ്ജുവിന്‍റെ അരങ്ങേറ്റം.
ഇത്രയും കാലത്തിനിടയ്‌ക്ക് ടീമില്‍ വന്നുംപോയുമിരുന്ന സഞ്ജു 14 ടി20 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഇതില്‍ 13 ഇന്നിങ്‌സിൽ ആകെ നേടിയത് 251 റൺസ്. അയർലൻഡിനെതിരെ നേടിയ 77 റൺസാണ് ഉയർന്ന സ്കോർ.