കാത്തിരിപ്പിന്‍റെ സുഖം ഒന്ന് വേറെ തന്നയാ എന്ന് പറയുമ്പോഴും സഞ്ജു സാംസണ് കാത്തിരിപ്പ് എന്നത് അത്ര സുഖകരമാകാൻ സാധ്യതയില്ല. കാരണം അടുത്തിടെ തുടങ്ങിയതല്ല ഈ കാത്തിരിപ്പ്. അതേസമയം തന്‍റെ പിറന്നാൾ ദിനത്തിൽ തന്നെ ഇന്ത്യൻ കുപ്പായത്തിൽ ഏകദിന അരങ്ങേറ്റം നടത്താനുള്ള ഭാഗ്യമാണ് ഇഷാൻ കിഷനെ തേടിയെത്തിയിരിക്കുന്നത്.
അണ്ടർ 19 ടീമില്‍ നിന്ന്
ജാർഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ ഇഷാൻ കിഷൻ അണ്ടർ 19 ടീമിന്‍റെ ക്യാപ്‌റ്റനെന്ന നിലയിലാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. പിന്നീട് ട്വൻടി ട്വൻടിയില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി നടത്തിയ പ്രകടനം താരത്തിന് ടി 20 ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവിനൊപ്പം ടി 20 ദേശീയ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ 23-ാം പിറന്നാൾ ദിനത്തില്‍ സൂര്യകുമാറിനൊപ്പം തന്നെയാണ് ഏകദിന ടീമിലും അരങ്ങേറിയത് എന്നതും കൗതുകമാണ്.
കാത്തിരുന്ന്... കാത്തിരുന്ന്
ആറ് വർഷങ്ങൾക്ക് മുൻപാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 2015 ൽ സിംബാബ്‌വെക്കെതിരെ ടി 20യിലായിരുന്നു അരങ്ങേറ്റം. ശ്രീശാന്തിന് ശേഷം ഒരു മലയാളി താരം ഇന്ത്യൻ കുപ്പായത്തിൽ. അതിനുശേഷം ടി 20 യിൽ വളരെ വിരളമായി അവസരങ്ങൾ വന്നുചേർന്നെങ്കിലും അതൊന്നും മുതലാക്കാൻ സഞ്ജുവിനായില്ല.
ശ്രീലങ്കയിലേക്ക് ടീം ഇന്ത്യ പോകുമ്പോൾ സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ പരിക്കിന്‍റെ രൂപത്തിലാണ് സഞ്ജുവിന് ഏകദിന ടീമിലേക്കുള്ള അരങ്ങേറ്റം നഷ്ടമായത്. മുട്ടിലെ പരിക്കാണ് സഞ്ജുവിന് തിരിച്ചടിയായത്. ഈ ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ചാൽ ടി20യില്‍ അരങ്ങേറ്റം കുറിച്ച് ആറ് വർഷത്തിന് ശേഷം ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന താരം എന്ന റെക്കോഡും സഞ്ജുവിന് ലഭിക്കുമായിരുന്നു.
ധോണിക്ക് ശേഷം ആര്?
ധോണിക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനം നേടിയെടുക്കാൻ ഒരു താരത്തിനും ഇത് വരെ കഴിഞ്ഞിട്ടില്ല. അടുത്ത വിക്കറ്റ് കീപ്പർ ബാറ്റസ്‌മാൻ ആരാകും എന്ന ചോദ്യത്തിന് ഒട്ടനവധി ഉത്തരങ്ങളുണ്ട്. ഏറെക്കുറെ ടീമിന്‍റെ സ്ഥിര സാന്നിധ്യമായ റിഷഭ് പന്ത്, കെ.എൽ രാഹുൽ, ഐ.പി.എല്ലിലെ മിന്നും താരങ്ങളായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ. ഇവരെല്ലാം ഇതിനകം തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്.
ഇതിൽ പ്രധാന മത്സരം സഞ്ജുവും കിഷനും തമ്മിലാണ്. ഇരുവരും മികച്ച ബാറ്റ്സ്മാൻമാർ ആണെന്നതിൽ തർക്കമില്ല. എന്നാൽ വിക്കറ്റ് കീപ്പിങ്ങിൽ ഒരു പടി മുന്നിൽ സഞ്ജു തന്നെയാണ് എന്നത് പലകുറി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇരുവരും ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള കളിക്കാരുമാണ്. സഞ്ചുവിനെക്കാൾ മുൻഗണന കിഷന് ലഭിക്കും.
സ്ഥിരസാന്നിധ്യമാകാൻ കനത്ത മത്സരം
ധോണി യുഗത്തിൽ മറ്റൊരു വിക്കറ്റ് കീപ്പർ എന്നതിനെപ്പറ്റിയുള്ള ചിന്തപോലും സെലക്ടർമാർക്കിടയിൽ ഉണ്ടായിട്ടില്ല. അതിനാൽ തന്നെയാണ് സമകാലീനരായ ദിനേശ് കാർത്തിക്കും, പാർത്ഥിവ് പട്ടേലുമെല്ലാം ധോണി പ്രഭാവത്തിൽ മങ്ങിപ്പോയത്. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല.
ഒരു സ്ഥിര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനം ഇപ്പോഴും ഇന്ത്യൻ ഏകദിന ടീമിൽ ഒഴിവുണ്ട്. മികച്ച പ്രകടനം നടത്തുന്ന ആർക്കും ആ സ്ഥാനം കൈപ്പിടിയിലൊതുക്കാൻ സാധിക്കും. ടെസ്റ്റിലുൾപ്പെടെ മികച്ച പ്രകടനം നടത്തുന്ന റിഷഭ് പന്തിനാണ് കൂടുതൽ സാധ്യതയെങ്കിൽ പോലും സഞ്ജുവിനും, കിഷനും ഇനിയും ആ സ്ഥാനം വിദൂരത്തിലല്ല.
പന്തിനെക്കാളേറെ ആക്രമണകാരിയായ കളിക്കാരനാണ് സഞ്ജു എന്നതും അനുകൂല ഘടകമാണ്. പക്ഷേ ഇഷാൻ കിഷൻ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ തുടർന്നുള്ള ഏകദിനങ്ങളിൽ സഞ്ജുവിന്‍റെ സാധ്യതകൾക്ക് മങ്ങലേൽക്കും. എങ്കിലും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഒരു മത്സരത്തിലെങ്ങിലും സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.