ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഏറ്റവും വലിയ പരാജയമായിരുന്നു അജിങ്ക്യ രഹാനെ. ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ ടെസ്റ്റ് താരത്തിന് പരമ്പരയിൽ ഒരു മത്സരത്തിൽ പോലും തിളങ്ങാനായിരുന്നില്ല. താരത്തിനെ ടീമിലുൾപ്പെടുത്തുന്നതിനെതിരെ ഒട്ടേറെ വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്. ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ രഹാനെയുടെ കാലം കഴിഞ്ഞു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ.
മോശം ഫോമും മികച്ച പന്തുകളും ചേർന്നാണ് രഹാനെയുടെ പുറത്താകലുകൾ സംഭവിക്കുന്നത്. അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ച് പോകണം എന്നതാണ് എന്‍റെ അഭിപ്രായം. രഞ്ജിയിൽ കളിച്ച് തന്‍റെ പഴയ പ്രതാപം രഹാനെ വീണ്ടെടുക്കട്ടെ. മരഞ്ജരേക്കർ പറഞ്ഞു.
കഴിഞ്ഞ നാല് കൊല്ലത്തോളമായി രഹാനെ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുത്തിട്ടില്ല. അതിനാൽ ഇനിയും ഒരു അവസരം നൽകുന്നതിൽ അർഥമില്ല. എന്നാൽ രഹാനയെ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ പൂജാരയ്‌ക്ക് ഒരു അവസരം കൂടെ നൽകി നോക്കാവുന്നതാണ്. മരഞ്ജരേക്കർ കൂട്ടിച്ചേർത്തു.
ALSO READ: ഇന്ത്യക്ക് ബാലികേറാ മലയായി ദക്ഷിണാഫ്രിക്ക; കേപ് ടൗണിലും കോലിപ്പടയ്‌ക്ക് തോൽവി, പരമ്പര നഷ്‌ടം
ദക്ഷിണാഫ്രിക്കക്കെതിരായ ആറ് ഇന്നിങ്സുകളിൽ നിന്നായി 136 റണ്‍സ് മാത്രമാണ് രഹാനയ്‌ക്ക് നേടാനായത്. മൂന്ന് വർഷത്തിലധികമായി താരത്തിന്‍റെ ബാറ്റിൽ നിന്ന് മികച്ചൊരു ഇന്നിങ്സ് പിറന്നിട്ട്. 2019 ന് ശേഷം ടെസ്റ്റിൽ ഒരേ ഒരു സെഞ്ച്വറി മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്. 2020ൽ 38.85 ഉം 2021ൽ 19.57മാണ് രഹാനയുടെ ബാറ്റിങ് ശരാശരി.