ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് ടീമിന്‍റെ മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാർ. ഇന്ത്യൻ ടി20 ക്രിക്കറ്റിൽ സൂര്യ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സഞ്ജയ് ബംഗാറിന്‍റെ വാക്കുകള്‍. ടി20 ലോകകകപ്പില്‍ 189.68 സ്‌ട്രൈക്ക് റേറ്റിൽ 239 റൺസ് നേടിയ സൂര്യകുമാർ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയിരുന്നു.
"ഇന്ത്യൻ ടി20 ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. മൈതാനത്തിന്‍റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ കളിക്കുന്ന താരങ്ങള്‍ക്ക് പ്രോത്‌സാഹനം നല്‍കുകയും അവരെ മുന്നിലേക്ക് കൊണ്ടുവരികയും വേണം. സൂര്യകുമാര്‍ ഒരു പ്രചോദനമാണ്,
അവനെപ്പോലെയുള്ള പ്രതിഭകളെയാണ് മാനേജ്‌മെന്‍റ് കണ്ടെത്തേണ്ടത്. സൂര്യകുമാര്‍ ഫൈൻ ലെഗിന് മുകളിലൂടെ മാത്രമുള്ള ഷോട്ടുകൾ കളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവൻ തികച്ചും ഓൾറൗണ്ട് ബാറ്ററായി മാറിയിരിക്കുന്നു. ഇപ്പോൾ അവന്‍റെ റേഞ്ച് വർദ്ധിച്ചു" - സഞ്ജയ് ബംഗാർ പറഞ്ഞു.
സമ്മർദ ഘട്ടങ്ങളില്‍, ബാറ്റിങ്ങിന് ഏറ്റവും പ്രയാസകരമെന്ന് കരുതുന്ന ഓസ്‌ട്രേലിയൻ സാഹചര്യങ്ങളായാലും ഇംഗ്ലീഷ് സാഹചര്യങ്ങളായാലും സ്വാധീനമുള്ള ഇന്നിങ്‌സ് കളിക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നും 50കാരനായ സഞ്ജയ് ബംഗാർ പറഞ്ഞു.
also read: 'കപ്പടിച്ചാല്‍ ബാബര്‍ അസം പാക് പ്രധാനമന്ത്രി' ; പ്രവചനവുമായി സുനില്‍ ഗവാസ്‌കര്‍
ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായെങ്കിലും ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ വിരാട് കോലിയോടൊപ്പം സൂര്യയും ഇടം നേടിയിരുന്നു. ടൂർണമെന്‍റിലെ റണ്‍വേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളാണ് ഇരുവരും. ആറ് മത്സരങ്ങളില്‍ നിന്ന് കോലി 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സടിച്ച് ഒന്നാം സ്ഥാനത്താണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സൂര്യ.