കറാച്ചി : വേഗംകൊണ്ട് അതിശയിപ്പിക്കുമ്പോഴും ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക് കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് തിരിച്ചടിയാണ്. ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20യില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 48 റണ്‍സാണ് ഉമ്രാന്‍ വിട്ടുനല്‍കിയത്. ഇതിന് പിന്നാലെ 23കാരന്‍റെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സൽമാൻ ബട്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങണമെങ്കില്‍ ഉമ്രാൻ തന്‍റെ ബോളിങ്ങിലെ വൈവിധ്യം വർധിപ്പിക്കണമെന്നാണ് ബട്ട് പറയുന്നത്. പരിചയക്കുറവുള്ള ഉമ്രാന്‍റെ ബോളിങ് പ്രവചിക്കാമെന്നും ബട്ട് അവകാശപ്പെട്ടു.
"അനുഭവങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഏറെ മെച്ചപ്പെടാനാവും. ഉമ്രാന്‍ ഇത്രയും റണ്‍സ് വഴങ്ങുന്നതിന് പിന്നില്‍ പരിചയക്കുറവാണ്. അവന്‍റെ പേസ് മികച്ചതാണ്.
എന്നാല്‍ ബാറ്റര്‍ അനുഭവസമ്പത്തും ബുദ്ധിയും ഉപയോഗിച്ച് ഉമ്രാന്‍റെ വേഗതയെ നന്നായി പ്രയോജനപ്പെടുത്തുന്നാണ് പ്രശ്‌നം. അവന്‍ യോര്‍ക്കറോ അല്ലെങ്കില്‍ സ്ലോ ബോളോ ആണോ എറിയുകയെന്ന് ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാം" - സല്‍മാന്‍ ബട്ട് പറഞ്ഞു.
തുടര്‍ച്ചയായി അവസരം നല്‍കിയാല്‍ ഒട്ടേറെ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ഉമ്രാന് കഴിയുമെന്നും ബട്ട് വ്യക്തമാക്കി. "ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റര്‍ റൂം കണ്ടെത്തുന്നത് അവന്‍ കണ്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് അവന് യോര്‍ക്കര്‍ എറിയാമായിരുന്നു. എന്നാല്‍ അവനത് ചെയ്‌തില്ല.
Also read: സൂര്യയെ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യാനാവില്ല: ഇര്‍ഫാന്‍ പഠാന്‍
അപ്പോള്‍ അനുഭവ സമ്പത്താണ് കാര്യം. പുറത്തിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതുലഭിക്കില്ല. നിങ്ങള്‍ അവനെ കളിക്കാന്‍ അനുവദിക്കണം. കാരണം പ്രതിസന്ധി ഘട്ടങ്ങളില്‍ അവന്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യും" - സല്‍മാന്‍ ബട്ട് കൂട്ടിചേര്‍ത്തു.