കറാച്ചി : ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ഫിറ്റ്‌നസിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ സൽമാൻ ബട്ട്. അമിത ഭാരം പന്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നുവെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലെ, 25കാരനായ പന്തിന്‍റെ പ്രകടനം വിലയിരുത്തുകയായിരുന്നു പാക് മുന്‍ നായകന്‍.
നൂതനമായ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്ന പന്ത് ഫിറ്റായിരുന്നുവെങ്കില്‍ അവ എക്സിക്യൂട്ട് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാകുമെന്നും ബട്ട് പറഞ്ഞു. "റിഷഭ് പന്ത് താൻ ഇഷ്ടപ്പെടുന്ന രീതിയിൽ കളിക്കുകയായിരുന്നു, എന്നാല്‍ പുതിയ ഒരു ഷോട്ടിന് ശ്രമിച്ചാണ് അവന്‍ പുറത്താവുന്നത്.
ഒരു വിചിത്രമായ പുറത്താകലായിരുന്നു അത്. സ്റ്റംപിളക്കുന്നതിന് മുന്‍പേ ആ ബോള്‍ അവന്‍റെ ബാറ്റിലും പാഡിലും തട്ടിയിരുന്നു. ഞാൻ എപ്പോഴും പന്തിന്‍റെ ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കാറുണ്ട്. അവന്‍ കളിക്കുകയും നവീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഷോട്ടുകൾ, അവൻ ഫിറ്റായിരുന്നെങ്കിൽ എക്സിക്യൂട്ട് ചെയ്യുന്നതിന് എളുപ്പമായിരിക്കും.
Also read: ടെസ്റ്റ് ടീം നായകസ്ഥാനമൊഴിഞ്ഞ് കെയ്‌ൻ വില്യംസണ്‍; ടിം സൗത്തി പുതിയ നായകൻ
തീര്‍ച്ചയായും പന്തിന് അമിത വണ്ണമാണുള്ളത്. ഇക്കാരണത്താല്‍ ക്രീസില്‍ ചടുലമായ നീക്കം നടത്താന്‍ പലപ്പോഴും അവന് കഴിയുന്നില്ല. പന്തിന്‍റെ ഫിറ്റ്‌നസ് മോശമാണ്" - സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ഒന്നാം ഇന്നിങ്‌സില്‍ 45 പന്തില്‍ 46 റണ്‍സാണ് പന്ത് നേടിയത്. തുടക്കത്തില്‍ കൂട്ട തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ കരകയറ്റുന്നതില്‍ താരത്തിന്‍റെ ഈ പ്രകടനം നിര്‍ണായകമായി.