മുംബൈ: ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജനിച്ചിട്ട് ഇന്നേക്ക് 49 വർഷം. ഒരു ജനതയെ മുഴുവൻ സ്വാധീനിച്ച സച്ചിന്‍റെ ജന്മദിനമായ ഏപ്രിൽ 24 ക്രിക്കറ്റ് ലോകത്ത് ചരിത്രപരമായ ദിവസമായി കണക്കാക്കാം. സച്ചിൻ ദേവ് ബർമൻ്റെ പാട്ടുകളോടുള്ള ആരാധന കാരണം മകന് സച്ചിൻ എന്ന പേരിട്ടപ്പോൾ ബാറ്റ് കൊണ്ട് സംഗീതം തീർത്താണ് സച്ചിൻ അച്ഛൻ രമേഷ് ടെണ്ടുൽക്കർക്ക് പ്രതിഫലം നൽകിയത്.
2002ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്‌ഡൺ മാസിക, ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും ടെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഉള്‍പ്പെടെ സച്ചില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഇന്ന് മറ്റ് പലര്‍ക്കും ബാലികേറാമലതന്നെയാണ്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട തന്‍റെ കളിജീവിതത്തിൽ ഇന്ത്യയെ 200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും സച്ചിന്‍ പ്രതിനിധീകരിച്ചു. ഇരു ഫോര്‍മാറ്റിലുമായി 100 സെഞ്ച്വറികള്‍ സ്വന്തമാക്കിയ ലോകത്തെ ഏക ബാറ്റ്‌മാനാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 15,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതും സച്ചിന്‍ മാത്രമാണ്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സച്ചിന്‍റെ പേരിലാണ്. 16 വയസും 205 ദിവസവുമായിരുന്നു ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ സച്ചിന് പ്രായം.
51 ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരവുമാണ്. ടെസ്റ്റ് ക്രിക്കറ്റിന് പുറമെ, ഏകദിന ഫോർമാറ്റിലും സച്ചിൻ നിരവധി റെക്കോഡുകൾ സൃഷ്‌ടിച്ചിട്ടുണ്ട്. 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും ഉൾപ്പെടെ ആകെ 18,426 റൺസുമായി ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് അദ്ദേഹം.
ഏകദിന ക്രിക്കറ്റിലെ മഹാരഥനോട് ചരിത്രം പോലും നീതി കാണിച്ചത് കാണാം, ഏകദിനത്തിൽ ഒരു ഇരട്ട സെഞ്ച്വറി നേട്ടം സച്ചിനുവേണ്ടി ചരിത്രം മാറ്റിവെച്ചപ്പോൾ തൻ്റെ അവസാന ലോകകപ്പ് നൽകിയിട്ടാണ് ചരിത്രം അദ്ദേഹത്തോട് നീതി കാണിച്ചത്. 2010 ഫെബ്രുവരി 24 ന് ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 147 പന്തിൽ പുറത്താകാതെ 200 റൺസ് അടിച്ച് ഏകദിന ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിരുന്നു സച്ചിൻ. 2011ൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ലോകകപ്പ് നേടിയത്.
2013 നവംബറിൽ വാങ്കഡെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലാണ് സച്ചിൻ തന്‍റെ അവസാന ടെസ്‌റ്റ് മത്സരത്തിനിറങ്ങിയത്. 2021 ൽ റോഡ് സേഫ്റ്റി വേൾഡ് സീരീസിലാണ് സച്ചിൻ അവസാനമായി കളിച്ചത്, അവിടെ അദ്ദേഹം ഇന്ത്യ ലെജൻഡ്‌സിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്‍റെ മെന്‍ററാണ്.
പത്രം അവസാന പേജില്‍ നിന്ന് വായിക്കാന്‍ ശീലിപ്പിച്ച, ഓലമടലില്‍ എം.ആർ.എഫ് എന്ന് എഴുതാന്‍ പ്രേരിപ്പിച്ച സച്ചിന്‍ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിലെ രാജാവാണ്. എത്ര ശ്രമിച്ചാലും ഇളക്കം തട്ടാത്ത സിംഹാസനമുള്ള ഒരേയൊരു രാജാവ്! ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകള്‍...