മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) തോല്‍വിക്ക് പിന്നാലെ ഫൈനലിലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കര്‍ (Sachin Tendulkar). ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സിന്‍റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം വഴങ്ങിയത്. ഇതിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ ബൗളറായ രവിചന്ദ്ര അശ്വിനെ (Ravichandran Ashwin) ടീമില്‍ നിന്നും ഒഴിവാക്കിയതിനെ സച്ചിന്‍ ടെൻഡുല്‍ക്കര്‍ വിമര്‍ശിച്ചു.
ഫൈനലില്‍ നാല് പേസര്‍മാരും ഒരു സ്‌പിന്നറുമായിട്ടായിരുന്നു ഇന്ത്യന്‍ ടീം കളിക്കാന്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ തന്നെ പല പ്രമുഖരും അശ്വിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിനുള്ള മറുപടിയായി, സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു അശ്വിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നെതന്ന് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ പറഞ്ഞിരുന്നു.
അശ്വിനെപ്പോലെ ഒരു ചാമ്പ്യന്‍ ബൗളറെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഫൈനലിന്‍റെ ആദ്യ ദിനത്തില്‍ ഞങ്ങള്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് ഒരു വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന്, ടീമിലേക്ക് അധികമായി ഒരു പേസറെ ഉള്‍പ്പെടുത്തിയാല്‍ അത് പ്രയോജനമാകുന്നാണ് കരുതിയത് എന്നായിരുന്നു പരസ് മാംബ്രയുടെ (Paras Mhambrey) പ്രതികരണം.
എന്നാല്‍, നാല് പേസര്‍മാരുമായി ഇറങ്ങിയിട്ടും ഇന്ത്യയ്‌ക്ക് മത്സരത്തില്‍ ജയം പിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിമര്‍ശനവുമായി സച്ചിന്‍ ടെൻഡുല്‍ക്കര്‍ രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീം അശ്വിനെ മറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.
'മത്സരത്തില്‍ ഇന്ത്യയ്‌ക്ക് സന്തോഷിക്കാനുള്ള ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാലും, എന്തിനായിരുന്നു അശ്വിനെ ഒഴിവാക്കിയത് എന്നാണ് എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യം. നിലവില്‍ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഒന്നാമനാണ് അശ്വിന്‍.
പ്രതിഭാശാലിയായ ഒരു സ്‌പിന്നര്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ മാത്രമായിരിക്കില്ല മികച്ച പ്രകടനം നടത്തുന്നതെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. അവര്‍ വായുവില്‍ പന്ത് തിരിച്ചും പിച്ചിന്‍റെ ബൗണ്‍സ് എത്രത്തോളമുണ്ടെന്ന് മനസിലാക്കി വേഗത്തില്‍ വ്യതിയാനം വരുത്തിയുമാകും അവര്‍ വിക്കറ്റെടുക്കാന്‍ ശ്രമിക്കുന്നത്. ഓസ്‌ട്രേലിയന്‍ ബാറ്റിങ് ലൈനപ്പിലെ ആദ്യ എട്ട് സ്ഥാനക്കാരില്‍ അഞ്ച് പേരും ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ആയിരുന്നു എന്ന കാര്യം ഇന്ത്യ മറക്കരുതായിരുന്നു'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്‌തു.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സ്റ്റീവ് സ്‌മിത്ത് (Steve Smith), ട്രാവിസ് ഹെഡ് (Travis Head) എന്നിവരെയും സച്ചിന്‍ പ്രശംസിച്ചു. ' ഓസീസിനായി ആദ്യ ദിനത്തില്‍ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ട അടിത്തറയിട്ടത് സ്റ്റീവ് സ്‌മിത്തും ട്രാവിസ് ഹെഡും ചേര്‍ന്നാണ്. ഫൈനലില്‍ പിടിച്ചുനില്‍ക്കാന്‍ ആദ്യ ഇന്നിങ്സില്‍ വലിയൊരു സ്‌കോര്‍ ഇന്ത്യ കണ്ടെത്തണമായിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ അവര്‍ക്കായില്ല'- സച്ചിന്‍ ടെൻഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.