മുംബൈ: ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനമാണ് കെഎല്‍ രാഹുലിന് യോജിച്ചതെന്ന് മുന്‍ സെലക്‌ടര്‍ സാബ കരീം. മധ്യനിര താരമെന്നതിലുപരി ശിഖർ ധവാനും രോഹിത് ശർമയ്ക്കും ബദലാവാന്‍ രാഹുലിന് കഴിയും. നിലവിലെ സ്‌ക്വാഡ് കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ രാഹുലിന് തുടര്‍ച്ചയായി അവസരം നല്‍കാന്‍ മാനേജ്‌മെന്‍റിന് കഴിയുമോയെന്ന് തനിക്ക് ഉറപ്പില്ലെന്നും സാബ കരീം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
"ശിഖർ ധവാനും രോഹിത് ശർമയ്ക്കും ഒരു ഓപ്പണിങ് ബദലായാണ് ഞാൻ അവനെ കൂടുതൽ കാണുന്നത്. ഓപ്പണറായി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് അവന്‍ കാഴ്‌ചവച്ചത്. അവൻ അത്രയും ക്ലാസ്സി പ്ലെയറാണ്.
ഫോമിലേക്ക് ഉയരാന്‍ കുറച്ച് സമയത്തിന്‍റെ മാത്രം ആവശ്യമേ അവനുള്ളു. പക്ഷേ, അവൻ ഏത് നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് എനിക്കറിയില്ല. ഒരു ഓപ്പണറല്ലെങ്കിൽ, അവനെ ഒരു മധ്യനിര ബാറ്ററായി ഉപയോഗിക്കുമോ?. ആ സ്ഥാനത്ത് നീണ്ട അവസരങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമോ,
ഈ സ്ഥാനത്തേക്ക് നിരവധി മത്സരാർഥികളുണ്ട്. ഇപ്പോഴത്തെ ആദ്യ 15ല്‍ അത്തരത്തിലുള്ള അവ്യക്തതയാണ് ഞാന്‍ കാണുന്നത്. അത് ടീം മാനേജ്‌മെന്‍റും ക്യാപ്റ്റനും എത്രയും വേഗം പരിഹരിക്കേണ്ട കാര്യമാണ്", സാബ കരീം പറഞ്ഞു.
2023ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ യുവ താരങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.