മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മുംബൈ ബാറ്റര്‍ സർഫറാസ് ഖാനെ അവഗണിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. 25-കാരനായ സര്‍ഫറാസിനെ തുടര്‍ച്ചയായി അവഗണിക്കുന്ന ബിസിസിഐ സെലക്‌ടർമാരുടെ നടപടിക്കെതിരെ സുനില്‍ ഗവാസ്‌കര്‍, വസീം ജാഫര്‍, ആകാശ് ചോപ്ര തുടങ്ങിയ മുന്‍ താരങ്ങളും നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ സര്‍ഫറാസിനെ ടീമില്‍ എടുക്കാത്തതിന് പിന്നില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കളിക്കളത്തിന് അകത്തും പുറത്തുമായുള്ള ചില മോശം പെരുമാറ്റവുമാണെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇതുവെറും നിസാരമായ കാരണം മാത്രമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ മുന്‍ സെലക്‌ടര്‍ സാബ കരീം.
ഇനി അഥവാ സര്‍ഫറാസ് ഖാന് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്റിന്‍റെയും പരിശീലകന്‍റെയും ജോലിയാണെന്നാണ് താന്‍ കരുതുന്നതെന്നും സാബ കരീം പറഞ്ഞു. "...സർഫറാസുമായി ഇടപഴകിയതിനാൽ, അവന് അത്തരത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഞാൻ കരുതുന്നത്. ഇനി അങ്ങനെ ഒരു പ്രശ്‌നമുണ്ടെങ്കില്‍, അവൻ എങ്ങനെ മുംബൈയ്‌ക്കായി പതിവായി കളിക്കുന്നു?.
മുംബൈ കോച്ചിൽ നിന്നോ ക്യാപ്റ്റനില്‍ നിന്നോ മാനേജ്മെന്‍റില്‍ നിന്നോ അത്തരത്തില്‍ ഒന്നും തന്നെ പറഞ്ഞുകേട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ഞാൻ വിശ്വസിക്കുന്നില്ലെന്ന് പറയുന്നതാണ് സത്യം. ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത്തരം ക്രിക്കറ്റര്‍മാരെ കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്‍റിന്‍റേയും പരിശീലകന്‍റെയും ജോലിയാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് തെരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ഏറ്റവും ദുർബലമായ കാരണങ്ങളാണെന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്"- സാബ കരീം പറഞ്ഞു.
37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 79.65 എന്ന മികച്ച ശരാശരിയില്‍ 3505 റൺസാണ് സർഫറാസ് ഖാൻ അടിച്ച് ഇതേവരെ അടിച്ച് കൂട്ടിയിട്ടുള്ളത്. 13 സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് 25-കാരന്‍റെ തകര്‍പ്പന്‍ പ്രകടനം. പുറത്താകാതെ നേടിയ 301 റൺസാണ് സര്‍ഫറാസിന്‍റെ ഉയർന്ന സ്‌കോർ. 2022-23 രഞ്ജി ട്രോഫി സീസണിൽ 92.66 ശരാശരിയിൽ 556 റൺസാണ് സർഫറാസ് നേടിയത്.
ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികളും താരം കണ്ടെത്തി. 2020-21 സീസണില്‍ 122.75 ശരാശരിയിൽ 982 റൺസ് ആയിരുന്നു സര്‍ഫറാസ് അടിച്ച് കൂട്ടിയത്. തൊട്ടുമുന്നത്തെ സീസണില്‍ 154 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 928 റൺസും സര്‍ഫറാസ് നേടിയിരുന്നു.
അതേസമയം കഴിഞ്ഞ രഞ്ജി സീസണില്‍ ഡൽഹിക്കെതിരെയുള്ള സെഞ്ചുറിക്ക് ശേഷമുള്ള സര്‍ഫറാസിന്‍റെ ആഘോഷം സെലക്‌ടർമാർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് വിവരം. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ നിന്നും അവഗണിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു താരം ഡല്‍ഹിക്ക് എതിരെ സെഞ്ചുറി നേടിയത്.
ഒരല്‍പം ആക്രമണോത്സുക തന്‍റെ നേട്ടം ആഘോഷിച്ച സര്‍ഫറാസ് അന്തരിച്ച ഗായകന്‍ സിദ്ദു മൂസേവാലയുടെ ശൈലിയില്‍ തുടയിലടിച്ച് വിരല്‍ ചൂണ്ടുകയും ചെയ്‌തിരുന്നു. സര്‍ഫറാസിന്‍റെ വിരല്‍ ചൂണ്ടല്‍ മത്സരം കാണന്‍ എത്തിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മയ്‌ക്ക് നേരെയായിരുന്നുവെന്നും ഇതാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടച്ചതെന്നുമാണ് സംസാരം. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്‍റ് താരത്തെ പിന്തുണച്ചിരുന്നു.