മുംബൈ: വീണ്ടുമൊരു ഏകദിന ലോകകപ്പ് (ODI World Cup 2023) ആവേശത്തിലേക്കാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് ഓക്‌ടോബര്‍ അഞ്ച് മുതല്‍ക്കാണ് ആരംഭിക്കുന്നത്. നാളുകള്‍ക്ക് മുന്നെ തന്നെ ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരാധകര്‍ക്കും വിദഗ്‌ധര്‍ക്കുമിടയില്‍ സജീവമാണ്.
ഇപ്പോഴിതാ ടീം ഇന്ത്യയുടെ തന്‍റെ എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പേസര്‍ എസ് ശ്രീശാന്ത് (S Sreesanth picks all time ODI World Cup XI of India). ഇന്ത്യയ്‌ക്ക് ആദ്യ ഏകദിന ലോകകപ്പ് നേടിത്തന്ന കപില്‍ ദേവാണ് (Kapil dev) ശ്രീശാന്ത് തിരഞ്ഞെടുത്ത ടീമിന്‍റെ നായകന്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾ അടങ്ങുന്ന പ്ലേയിങ് ഇലവനെ ശ്രീശാന്ത് (S Sreesanth) തിരഞ്ഞെടുത്തത്.
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മയുമാണ് ശ്രീശാന്തിന്‍റെ ടീമിലെ ഓപ്പണിങ് ജോഡി. ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സച്ചിന്‍. 44 ഇന്നിങ്‌സുകളില്‍ നിന്നായി ആറ് സെഞ്ചുറികളടക്കം 2278 റണ്‍സാണ് ലോകകപ്പില്‍ സച്ചിന്‍റെ അക്കൗണ്ടിലുള്ളത്.
17 ഇന്നിങ്‌സുകളിലായി ആറ് സെഞ്ചുറുകളടക്കം 978 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പിലെ ടോപ് സ്‌കോറര്‍ കൂടിയാണ് രോഹിത്. റണ്‍ മെഷീന്‍ വിരാട് കോലിയാണ് മൂന്നാമന്‍. തുടര്‍ന്ന് സൗരവ് ഗാംഗുലി, യുവ്‌രാജ് സിങ്, എംഎസ് ധോണി എന്നിവര്‍ നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റുചെയ്യാനെത്തും.
ടീമിലെ വിക്കറ്റ് കീപ്പറുടെ റോളും ധോണിക്കാണ്. ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവാണ് ടീമിലെ പേസ് ഓള്‍ റൗണ്ടര്‍. ബോളിങ് യൂണിറ്റില്‍ രണ്ട് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരേയുമാണ് ശ്രീശാന്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാര്‍. പേസ് യൂണിറ്റില്‍ സഹീര്‍ ഖാനോടൊപ്പം തന്നെ തന്നെയും ശ്രീശാന്ത് തിരഞ്ഞെടുത്തു. പന്ത്രണ്ടാമനായി പ്രഗ്യാന്‍ ഓജയെയാണ് താരം ടീമില്‍ ചേര്‍ത്തിരിക്കുന്നത്.
ശ്രീശാന്ത് തിരഞ്ഞെടുത്ത ടീം: രോഹിത് ശർമ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, സൗരവ് ഗാംഗുലി, യുവരാജ് സിങ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), കപിൽ ദേവ് (ക്യാപ്റ്റന്‍), ഹർഭജൻ സിങ്, അനിൽ കുംബ്ലെ, സഹീർ ഖാൻ, എസ് ശ്രീശാന്ത്. സബ്: പ്രഗ്യാന്‍ ഓജ.