മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന ഏകദിനത്തിനായുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ് ടീമിനായി അത്ഭുതങ്ങൾ കാണിക്കുമെന്ന് ചീഫ് സെലക്‌ടർ ചേതൻ ശർമ്മ. ഐപിഎല്ലിലെയും വിജയ് ഹസാരെ ട്രോഫിയിലേയും മിന്നും പ്രകടനങ്ങളാണ് താരത്തിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വഴി തുറന്നത്.
'നോക്കൂ, ഋതുരാജിന് ശരിയായ സമയത്ത് അവസരം ലഭിച്ചു. ടി20 ടീമിലായിരുന്ന അവൻ ഇപ്പോൾ ഏകദിന ടീമിലുമുണ്ട്. അവൻ രാജ്യത്തിനായി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ കരുതുന്നു'. ശർമ്മ പറഞ്ഞു.
ALSO READ: 2021 ലെ ഐസിസിയുടെ മികച്ച താരം; ഇന്ത്യൻ താരങ്ങൾക്ക് ഇടമില്ലാതെ ചുരുക്ക പട്ടിക
ഞങ്ങൾ അവനെ തെരഞ്ഞെടുത്തു. ഇനി പ്ലേയിങ് ഇലവനിൽ അവനെ എപ്പോൾ കളിപ്പിക്കണം, ഏത് പൊസിഷനിൽ ഇറക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ടീം മാനേജ്‌മെന്‍റാണ്. അവൻ നന്നായി കഠിനാധ്വാനം ചെയ്യുന്നു. അതിനുള്ള പ്രതിഫലം അവന് ലഭിക്കുന്നു, ചേതൻ ശർമ്മ കൂട്ടിച്ചേർത്തു.
24 കാരനായ ഋതുരാജ് 2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു. 635 റൺസ് നേടിയ ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും മിന്നും ഫോമിലാണ് താരം ബാറ്റ് വീശിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 603 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.