ജോഹന്നാസ്‌ബെര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദ് പരമ്പരയില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ട് (Ruturaj Gaikwad ruled out of India vs South Africa Test series). ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഏകദിന പരമ്പരയ്‌ക്കിടെ വിരലിനേറ്റ പരിക്കാണ് റുതുരാജിന് തിരിച്ചടി ആയത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് റുതുരാജിന്‍റെ വിരലിന് പരിക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് പാളില്‍ അരങ്ങേറിയ മൂന്നാം ഏകദിനത്തിന് ഇറങ്ങാന്‍ 26-കാരന് കഴിഞ്ഞിരുന്നില്ല.
രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ മോതിരവിരലിനാണ് റുതുരാജിന് പരിക്കേറ്റതെന്നും താരം ബിസിസിഐ മെഡിക്കൽ ടീമിന്‍റെ മേൽനോട്ടത്തിലാണെന്നും മൂന്നാം ഏകദിത്തിന് മുന്നോടിയായി ബിസിസിഐ അറിയിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും പുറത്താവുന്ന രണ്ടാമത്തെ താരമാണ് റുതുരാജ്.
നേരത്തെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കാണ് പ്രോട്ടീസിനെതിരെ കളിക്കാന്‍ കഴിയാതെ വന്നത്. ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കാണ് ഷമിയെ പുറത്തിരുത്തിയത്. ടൂര്‍ണമെന്‍റില്‍ അത്ഭുത പ്രകടനമായിരുന്നു 33-കാരനായ ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളുമായി താരം തിളങ്ങിയിരുന്നു.
ഷമിയുടെ ഈ പ്രകടനം പ്രോട്ടീസിനെതിരെ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നായിരുന്നു പ്രതീക്ഷ. പരിക്ക് മാറിയാല്‍ മാത്രമേ ഷമി ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങൂവെന്ന് ടീം പ്രഖ്യാപന വേളയില്‍ തന്നെ സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.
തിരികെ പറന്ന കോലി: അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഇന്ത്യയിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്. കുടുംബപരമായ ആവശ്യത്തിനായാണ് താരം മുംബൈയിലേക്ക് തിരികെ പറന്നത്. നാട്ടിലേക്ക് തിരികെ വന്നതോടെ ഇന്ത്യയുടെ ഇന്‍റര്‍ സ്‌ക്വാഡ് മത്സരം കോലിയ്‌ക്ക് നഷ്‌ടമായി (Virat Kohli returns home from South Africa due to family emergency).
എന്നാൽ ഡിസംബർ 26-ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി താരം ജോഹന്നാസ്ബർഗിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക (Ind vs SA test schedule).
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ (India Test squad for South Africa test).