അബുദബി: ഇന്ത്യന്‍ ടീമിന്‍റെ പുതിയ നായകനായി നിയമിതമായ രാഹുല്‍ ദ്രാവിഡിനെ സ്വാഗതം ചെയ്‌ത് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്നലെ അഫ്‌ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിനിടെയാണ് രോഹിത്ത് ഇക്കാര്യം പറഞ്ഞത്. മത്സരത്തിലായതുകൊണ്ട് തന്നെ ദ്രാവിഡിന്‍റെ നിമയനത്തെ പറ്റി താരം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോടാണ് താരം ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.
ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും രോഹിത് പ്രതികരിച്ചു... '' ഞങ്ങള്‍ മത്സരത്തിലാണ്, ഇക്കാരണത്താല്‍ തന്നെ എനിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ല. ഇന്ത്യന്‍ ടീമില്‍ മറ്റൊരു വേഷത്തില്‍ തിരിച്ചെത്തിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് ദ്രാവിഡ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണ്'' രോഹിത് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാഹുല്‍ ദ്രാവിഡിനെ പുതിയ പരിശീലകനായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിന് എതിരായ ക്രിക്കറ്റ് പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. കാലാവധി അവസാനിക്കുന്ന രവിശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് വരുന്നത്. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
also read: ഇന്ത്യ- അഫ്‌ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷ വിമർശനവുമായി പാക് ഇതിഹാസങ്ങള്‍
ഇന്ത്യൻ പുരുഷ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം നേരത്തെ ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠനവും ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് പരിശീലക കുപ്പായം നിരസിച്ചത്. എന്നാല്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മുൻ ഇന്ത്യൻ നായകൻ മനസ് മാറ്റിയത്.