ന്യൂഡൽഹി : ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തിന്‍റെ പേരിൽ ട്രോളുകൾ വാരിക്കൂട്ടുകയാണ് കെഎൽ രാഹുൽ. മോശം ഫോമിലായിരുന്നിട്ടും താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് മുതൽക്കേ ബിസിസിഐ പഴികേൾക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി 47 ഇന്നിങ്‌സുകളിൽ നിന്ന് 27ന് താഴെയാണ് രാഹുലിന്‍റെ ശരാശരി. അവസാനത്തെ ഏഴ് ഇന്നിങ്‌സുകളിൽ 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്‌കോർ.
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ 20 റണ്‍സ് മാത്രമായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ 17 റണ്‍സും രണ്ടാം ഇന്നിങ്സിൽ ഒരു റണ്‍സും മാത്രമാണ് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ കൂടിയായ രാഹുലിന് സ്വന്തമാക്കാനായത്. രണ്ട് മത്സരങ്ങളിലും സമ്പൂർണ പരാജയമായിട്ടും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
രാഹുലിന്‍റെ പ്രകടനത്തെക്കുറിച്ച് ടീമിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും താരത്തിന്‍റെ കഴിവ് അവഗണിക്കാൻ കഴിയാത്ത ഒന്നാണ് എന്നാണ് രോഹിത് ശർമ വ്യക്‌തമാക്കിയത്. 'ഇതുപോലുള്ള പിച്ചുകളിൽ കളിക്കുമ്പോൾ റണ്‍സ് നേടുന്നതിനുള്ള രീതികൾ നിങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ട്.
വ്യത്യസ്‌തതയേറിയ താരങ്ങൾ ഈ ടീമിന്‍റെ ഭാഗമാണ്. അവർക്ക് റണ്‍സ് നേടുന്നതിന് വ്യത്യസ്‌ത രീതികൾ ഉണ്ടായിരിക്കും. ഒരു വ്യക്‌തിയിൽ അല്ല ടീമിന്‍റെ ഒത്തുചേരലിലാണ് ഞങ്ങൾ ശ്രദ്ധ നൽകുന്നത്. എന്നിരുന്നാലും രാഹുലിന്‍റെ കഴിവ് അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. ഈയിടെയായി രാഹുലിന്‍റെ ബാറ്റിങ്ങിനെക്കുറിച്ച് ടീമിനുള്ളിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്.
എന്നാൽ ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ ഞങ്ങൾ എപ്പോഴും നോക്കുന്നത് വ്യക്തികളുടെ കഴിവുകളിലേക്കാണ് അല്ലാതെ കെഎൽ രാഹുലിലേക്ക് മാത്രമല്ല. ഒരു താരം കഴിവുള്ളയാളാണെങ്കിൽ അവർക്ക് തങ്ങളുടെ സ്‌കോർ വിപുലീകരിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രാഹുലിന്‍റെ പ്രകടനം അതിന് ഉദാഹരണമാണ്.
പരമ്പരയിൽ അതും നനഞ്ഞ പിച്ചിൽ ടോസ് നഷ്‌ടപ്പെട്ട് ഞങ്ങൾ ബാറ്റിങ്ങിനിറങ്ങി. ബാറ്റ് ചെയ്യാൻ ഒട്ടും എളുപ്പമല്ലാത്ത ആ സാഹചര്യത്തിൽ രാഹുൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. സെഞ്ചൂറിയനിലും മികച്ച പ്രകടനം നടത്തി. ആ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. അതാണ് അവന്‍റെ കഴിവ്. അതിനാൽ തന്നെ സ്വാഭാവിക കളി പുറത്തെടുക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രോഹിത് വ്യക്‌തമാക്കി.
അതേസമയം ആദ്യ രണ്ട് ടെസ്റ്റുകളിലും ദയനീയ പ്രകടനം പുറത്തെടുത്തിട്ടും രാഹുലിനെ അടുത്ത രണ്ട് ടെസ്റ്റുകളിലേക്കുള്ള ടീമിലും സെലക്‌ടർമാർ പരിഗണിച്ചിട്ടുണ്ട്. എന്നാൽ താരത്തെ വൈസ് ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. അതേസമയം ശുഭ്‌മാൻ ഗിൽ ഉൾപ്പടെയുള്ള യുവതാരങ്ങൾ പുറത്തിരിക്കുമ്പോഴും രാഹുലിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ ഓസ്‌ട്രേലിയക്കെതിരായുള്ള ഏകദിന ടീമിലും കെഎൽ രാഹുലിനെ സെലക്‌ടർമാർ പരിഗണിച്ചിട്ടുണ്ട്.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്.