മുംബൈ : ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വളരെ മത്സരാധിഷ്ഠിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്രിക്കറ്റിന്‍റെ വേഗം ഏറെ വര്‍ധിച്ചതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പുറത്തുവിട്ടതിന് പിന്നാലെയാണ് രോഹിത് ശര്‍മയുടെ പ്രതികരണം.
"ഈ ലോകകപ്പ് വളരെ മത്സരാധിഷ്ഠിതമായിരിക്കും, കാരണം ഗെയിമിന്‍റെ വേഗം കൂടിയതിനാല്‍ ടീമുകൾ മുമ്പത്തേക്കാൾ പോസിറ്റീവായാണ് കളിക്കുന്നത്. ഇതെല്ലാം ലോകമെമ്പാടുമുള്ള ആരാധകർക്ക് ശുഭപ്രതീക്ഷ നൽകുന്നതും നിരവധി ആവേശോജ്വലമായ നിമിഷങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണ്.
നല്ല തയ്യാറെടുപ്പുകള്‍ നടത്താനും ലോകകപ്പില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്" - ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ രോഹിത് ശര്‍മ പറഞ്ഞു.
10 ടീമുകള്‍ 10 നഗരങ്ങള്‍ : ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ലോകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. പത്ത് ടീമുകളാണ് ഇത്തവണത്തെ വിശ്വകിരീടത്തിനായി പോരടിക്കുന്നത്.
ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനത്തേക്ക് യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന ടീമുകളാണ് എത്തുക.
പരസ്‌പരം എല്ലാ ടീമുകളും ഒരു മത്സരം വീതം കളിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ആദ്യ നാലിലെത്തുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലെ വാങ്കഡെയിലും രണ്ടാം സെമി 16-ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനിലുമാണ് നടക്കുക.
10 വര്‍ഷത്തെ കാത്തിരിപ്പ് : നേരത്തെ 2011 - ലാണ് ഇന്ത്യയില്‍ അവസാനമായി ലോകകപ്പ് നടന്നത്. അന്ന് എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ആതിഥേയര്‍ കിരീടം ചൂടിയിരുന്നു. ഇക്കുറി ഈ നേട്ടം ആവര്‍ത്തിക്കാന്‍ രോഹിത്തിനും സംഘത്തിനും കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിന് കഴിഞ്ഞാല്‍ 2013-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പ് ഇന്ത്യയ്‌ക്ക് അവസാനിപ്പിക്കാം.
ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് രോഹിത് ശര്‍മയും സംഘവും ആദ്യ മത്സരം കളിക്കുന്നത്. രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. 11-ന് ഡല്‍ഹിയിലാണ് കളി നടക്കുക. ഒക്‌ടോബര്‍ 15-നാണ് ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുന്നത്.
അഹമ്മദാബാദിലാണ് ഈ ഗ്ലാമര്‍ പോരാട്ടം. ഒക്‌ടോബർ 19-ന് ബംഗ്ലാദേശിനെതിരെ പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് ന്യൂസിലന്‍ഡിനെ 22-ന് ധര്‍മ്മശാലയിലും അതിഥേയര്‍ നേരിടും. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളിക്കാന്‍ ഇറങ്ങുന്നത്.
ALSO READ: ഏഴോവര്‍ പന്തെറിഞ്ഞ് ജസ്‌പ്രീത് ബുംറ ; എൻസിഎയില്‍ പരിശീലന മത്സരത്തിനും സജ്ജന്‍
29-ന് ലഖ്നൗവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നവംബര്‍ രണ്ടിന് മുംബൈയില്‍ യോഗ്യതാമത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയെ നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയിലും ഇന്ത്യ നേരിടും. യോഗ്യതാമത്സരം കളിച്ചെത്തുന്ന ടീമിനെ 11-ന് ബെംഗളൂരുവില്‍ നേരിടുന്നതോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് അവസാനമാകും.