മൊഹാലി: വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍ സാഹസികത നിറഞ്ഞ യാത്രയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കിതെരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്‍റെ പ്രതികരണം. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റ മത്സരവും കോലിയുടെ നൂറാം മത്സരവുമാണിത്.
''വിരാടിന് ഇത് ഒരു നീണ്ട യാത്രയാണ്, അതൊരു അത്ഭുതകരമായ യാത്രയാണ്. ഈ ഫോർമാറ്റിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, ടീം മുന്നോട്ട് പോകുന്ന രീതിയിൽ അദ്ദേഹം വളരെയധികം മാറ്റങ്ങൾ വരുത്തി. ഇത് അദ്ദേഹത്തിനൊരു സാഹസികത നിറഞ്ഞ യാത്രകൂടിയാണ്. വരും വർഷങ്ങളിലും ഇത് തുടരും" രോഹിത് പറഞ്ഞു.
കോലിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം മത്സരം സ്‌പെഷ്യലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി പറഞ്ഞ രോഹിത്, താരത്തിന്‍റെ കരിയറിലെ മികച്ച പ്രകടനവും ഓര്‍ത്തെടുത്തു.
''ഈ മത്സരം അദ്ദേഹത്തിന് വേണ്ടി സ്‌പെഷ്യലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഞ്ച് ദിവസത്തെ മികച്ച ക്രിക്കറ്റ് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു ടീമെന്ന നിലയിൽ, 2018 ൽ ഓസ്‌ട്രേലിയയില്‍ നേടിയ പരമ്പര, ഞങ്ങളുടെ ടീമിന് വളരെ മികച്ചതായിരുന്നു. വിരാട് അന്ന് ക്യാപ്റ്റനായിരുന്നു'' രോഹിത് പറഞ്ഞു.
also read: ഇതൊരു നീണ്ട യാത്ര; 100 ടെസ്റ്റുകൾ കളിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് വിരാട് കോലി
ഒരു ബാറ്റർ എന്ന നിലയിൽ കോലി 2013ല്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ ടെസ്റ്റ് സെഞ്ചുറിയാണ് മികച്ച ഓര്‍മ്മയെന്നും രോഹിത് പറഞ്ഞു. ''പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു, ധാരാളം ബൗൺസ് ഉണ്ടായിരുന്നു. ഒരുപാട് പേർ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കളിക്കുകയായിരുന്നു. മോർക്കൽ, സ്റ്റെയ്ൻ തുടങ്ങിയവരെ നേരിടുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാൽ ആദ്യ ഇന്നിങ്സിലേയും രണ്ടാം ഇന്നിങ്സിലേയും വിരാടിന്‍റെ ബാറ്റിങ് ഞാനിപ്പോഴും ഓര്‍ക്കുന്നു. പെര്‍ത്തിലെ അവന്‍റെ പ്രകടനത്തെ കവച്ച് വെയ്‌ക്കുന്നതായിരുന്നു അത്'' രോഹിത് പറഞ്ഞു.